ന്യൂഡല്‍ഹി: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തില്‍ ക്യാച്ച് നഷ്‌ടപ്പെടുത്തിയ അർഷ്‍ദീപ് സിങിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് അരങ്ങേറുന്നത്. അര്‍ഷ്‌ദീപ് ഖലിസ്ഥാനിയാണെന്ന തരത്തിലേക്ക് വരെ താരത്തിനെതിരെയുള്ള അധിക്ഷേപം നീണ്ടു. ഇതിനിടെ അർഷ്‍ദീപ് സിങിനെ പിന്തുണച്ച് രംഗത്തെത്തിയ മുന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങിന്‍റെ ട്വീറ്റ് ശ്രദ്ധേയമാവുകയാണ്.
അര്‍ഷ്‌ദീപിനെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും, ഇത്തരക്കാരെ ഓര്‍ത്ത് അപമാനം തോന്നുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. ''അര്‍ഷ്‌ദീപ് സിങിനെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കൂ. മനപൂര്‍വം ആരും ക്യാച്ച് നഷ്‌ടപ്പെടുത്തില്ല. ഞങ്ങളുടെ താരങ്ങളെ കുറിച്ച് അഭിമാനമുണ്ട്. പാകിസ്ഥാന്‍ നന്നായി കളിച്ചു.
നമ്മുടെ താരങ്ങളെ കുറിച്ച്, അര്‍ഷ്‌ദീപിനെയും ഇന്ത്യന്‍ ടീമിനേയും കുറിച്ച് ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വിലകുറഞ്ഞ പ്രസ്‌താവനകള്‍ നടത്തുന്നവരെ ഓര്‍ത്ത് അപമാനം തോന്നുന്നു. അര്‍ഷ് സുവര്‍ണ താരമാണ്'', ഹര്‍ഭജന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
അര്‍ഷ്‌ദീപിനെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാനും രംഗത്തെത്തിയിട്ടുണ്ട്. അര്‍ഷ്‌ദീപ് ഒരു കരുത്തനായ വ്യക്തിയാണെന്നും, അങ്ങനെ തന്നെ തുടരുകയെന്നുമാണ് ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചത്.