കേരളം

kerala

ETV Bharat / sports

ASIA CUP| ചരിത്രം ആവര്‍ത്തിക്കാന്‍ ശ്രീലങ്ക, കണക്കുകള്‍ തീര്‍ക്കാന്‍ പാകിസ്ഥാന്‍ ; ഏഷ്യ കപ്പ് കലാശപ്പോരാട്ടം ഇന്ന്

ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാത്രി 7:30 മുതലാണ് ശ്രീലങ്ക പാകിസ്ഥാന്‍ ഫൈനല്‍ മത്സരം ആരംഭിക്കുന്നത്

By

Published : Sep 11, 2022, 2:11 PM IST

ASIA CUP  ASIA CUP 2022  ASIA CUP Final  Srilanka vs Pakistan  Asia cup final Srilanka vs Pakistan  ശ്രീലങ്ക പാകിസ്ഥാന്‍ ഫൈനല്‍  ഏഷ്യ കപ്പ് കലാശപ്പോരാട്ടം  ഏഷ്യ കപ്പ്
ASIA CUP| ചരിത്രം ആവര്‍ത്തിക്കാന്‍ ശ്രീലങ്ക,കണക്കുകള്‍ തീര്‍ക്കാന്‍ പാകിസ്ഥാന്‍; ഏഷ്യ കപ്പ് കലാശപ്പോരാട്ടം ഇന്ന്

ദുബായ് :ഏഷ്യ കപ്പ് ക്രിക്കറ്റില്‍ വന്‍കരയുടെ ചാമ്പ്യനെ ഇന്നറിയാം. വൈകുന്നേരം 7:30 ന് ആരംഭിക്കുന്ന ഫൈനലില്‍ ശ്രീലങ്ക പാകിസ്ഥാനെ നേരിടും. സൂപ്പര്‍ ഫോറില്‍ ഇരു ടീമുകളും തമ്മിലേറ്റുമുട്ടിയ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കൊപ്പമായിരുന്നു വിജയം.

ദുബായ് അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം. കലാശപ്പോരാട്ടത്തിലും ടോസ് നിര്‍ണായക സ്വാധീനം ചെലുത്തിയേക്കും. ഇതിന് മുന്‍പ് ശ്രീലങ്ക അഞ്ച് പ്രാവശ്യവും പാകിസ്ഥാന്‍ രണ്ട് തവണയും ഏഷ്യ കപ്പ് കിരീടം നേടിയിട്ടുണ്ട്.

സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടേറ്റ തോല്‍വിക്ക് കണക്ക് തീര്‍ക്കാനാകും പാകിസ്ഥാന്‍ ഇന്നിറങ്ങുക. ബാറ്റിങ്ങിലും, ബോളിങ്ങിലും സന്തുലിതമെങ്കിലും താരങ്ങള്‍ സ്ഥിരതായാര്‍ന്ന പ്രകടനം പുറത്തെടുക്കാത്തതാണ് പാകിസ്ഥാന് തലവേദന. ഈ ഏഷ്യ കപ്പില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമതുള്ള മൊഹമ്മദ് റിസ്‌വാന്‍റെ ബാറ്റിങ്ങിലാണ് പാകിസ്ഥാന്‍ പ്രതീക്ഷ.

സൂപ്പര്‍ ഫോറില്‍ കരുത്തരായ പാകിസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസം ഇന്ന് ശ്രീലങ്കയ്‌ക്കുണ്ട്. സൂപ്പർതാരങ്ങൾ ഏറെയില്ലെങ്കിലും മത്സരം ജയിപ്പിക്കാന്‍ കഴിയുന്ന താരങ്ങളുള്ളതാണ് ശ്രീലങ്കയുടെ പ്രതീക്ഷ. പാതുംനിസങ്ക, കുശാൽ മെൻഡിസ്, ചരിത് അസലങ്ക, ഭാനുക രജപക്സ തുടങ്ങിയവര്‍ ഫോമിലേക്ക് ഉയര്‍ന്നാല്‍ ലങ്കയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാകും.

ഫൈനലിലേക്കുള്ള വഴി:ഏഷ്യ കപ്പ് ഫൈനല്‍ സാധ്യത ആരും കല്‍പ്പിക്കാതിരുന്ന ടീമാണ് ശ്രീലങ്ക. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനോട് തോറ്റാണ് ലങ്ക ടൂര്‍ണമെന്‍റ് ആരംഭിച്ചത്. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തായിരുന്നു ശ്രീലങ്കയുയെ സൂപ്പര്‍ ഫോറിലേക്കുള്ള പ്രവേശനം.

ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായി പോരാടുന്ന ലങ്കന്‍ നിരയെ ആണ് സൂപ്പര്‍ ഫോറില്‍ കണാന്‍ കഴിഞ്ഞത്. സൂപ്പര്‍ ഫോറില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ശ്രീലങ്കയ്‌ക്ക് ആധികാരിക ജയം നേടാന്‍ കഴിഞ്ഞിരുന്നു. ടൂര്‍ണമെന്‍റ് ഫേവറേറ്റുകളായ ഇന്ത്യയുടെ ഫൈനലിലേക്കുള്ള വഴി തടഞ്ഞതും ശ്രീലങ്കയായിരുന്നു.

ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളായെത്തിയ പാകിസ്ഥാന്‍ ആദ്യ മത്സരം ഇന്ത്യയോട് പരാജയപ്പെട്ടാണ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ കൂറ്റന്‍ ജയം സ്വന്തമാക്കി വിജയവഴിയില്‍ തിരിച്ചെത്തിയ പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. അടുത്ത മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ ആവേശ ജയം സ്വന്തമാക്കിയെങ്കിലും, സൂപ്പര്‍ ഫോറിലെ അവസാനത്തേതില്‍ ശ്രീലങ്കയോട് തോല്‍വി വഴങ്ങി.

ചരിത്രത്തിലെ കണക്കുകള്‍ :ഏഷ്യ കപ്പ് ഫൈനലില്‍ ചരിത്രത്തില്‍ മൂന്ന് പ്രാവശ്യമാണ് ശ്രീലങ്ക പാകിസ്ഥാന്‍ ടീമുകള്‍ ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ രണ്ട് തവണയും വിജയമധുരം രുചിച്ചത് ശ്രീലങ്കയായിരുന്നു. പരസ്‌പരം മത്സരിച്ച ഫൈനലുകളില്‍ ശ്രീലങ്ക 1986, 2014 വര്‍ഷങ്ങളില്‍ കിരീടം നേടിയപ്പോള്‍ 2000-ത്തിലെ കിരീടമാണ് പാക് പട നേടിയെടുത്തത്.

2014-ന് ശേഷം ആദ്യമായാണ് ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകള്‍ ഏഷ്യ കപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. 2014 ല്‍ ഇരു ടീമുകളും പരസ്‌പരം ഏറ്റുമുട്ടിയ കലാശപ്പോരാട്ടത്തില്‍ 5 വിക്കറ്റിന് ശ്രീലങ്കയ്‌ക്കൊപ്പമായിരുന്നു ജയം.

ടി20 ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ശ്രീലങ്കയ്‌ക്കെതിരെ നേരിയ മുന്‍തൂക്കം പാകിസ്ഥാനുണ്ട്. ഇരു ടീമുകളും പരസ്‌പരം ഏറ്റുമുട്ടിയ 22 മത്സരങ്ങളില്‍ 13ലും ജയിച്ചുകയറിയത് പാകിസ്ഥാനാണ്.

ABOUT THE AUTHOR

...view details