ഇന്ത്യ, പാകിസ്ഥാന്‍...ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ രണ്ട് ടീമുകള്‍. ചിരവൈരികള്‍ കൂടിയായ ഇന്ത്യ- പാക് (India vs Pakistan Rivalry) ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന ഓരോ ക്രിക്കറ്റ് മത്സരത്തേയും വളരെ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ കാണികളുടെ ഒഴുക്കുമുണ്ടാകാറുണ്ട്.
ഓരോ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകള്‍ വരുമ്പോഴും ഇന്ത്യ - പാകിസ്ഥാന്‍ ഫൈനല്‍ ആയിരിക്കും പലരും ആഗ്രഹിക്കുന്നത്. അത്തരത്തില്‍ ഉണ്ടായ ഫൈനലുകളില്‍ ആവേശകരമായ മത്സരങ്ങളും ആരാധകര്‍ക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പും 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലും ഇന്ത്യ- പാക് ആവേശ ഫൈനല്‍ പോരാട്ടങ്ങളുടെ ഉദാഹരണമാണ്.
ദ്വിരാഷ്‌ട്ര പരമ്പരകള്‍ ഇല്ലാത്തതുകൊണ്ട് തന്നെ ഐസിസി ടൂര്‍ണമെന്‍റുകള്‍ക്ക് പുറമെ ഇന്ത്യ -പാക് മത്സരങ്ങള്‍ക്കുള്ള പ്രധാന വേദിയാണ് ഏഷ്യ കപ്പ്. ഇവിടെയും ആവേശത്തോടെ തന്നെയാണ് ആരാധകര്‍ ഇന്ത്യ പാക് പോരാട്ടത്തെ സ്വീകരിക്കുന്നത്. ഇക്കുറിയും അക്കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല.
ഏഷ്യ കപ്പ് 2023 എഡിഷനില്‍ രണ്ട് പ്രാവശ്യമായിരുന്നു ഇന്ത്യ- പാകിസ്ഥാന്‍ (Asia Cup 2023 India vs Pakistan) മത്സരം നടന്നത്. പ്രഥമിക റൗണ്ടില്‍ ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടിയ മത്സരം മഴയെടുത്തിരുന്നു. എന്നാല്‍, സൂപ്പര്‍ ഫോറില്‍ റിസര്‍വ് ദിനത്തിലേക്കായിരുന്നു മത്സരത്തിന്‍റെ ആവേശം നീണ്ടത്.
കൊളംബോയില്‍ നടന്ന ഈ കളിയില്‍ പാകിസ്ഥാനെ 228 റണ്‍സിന് ഇന്ത്യ വീഴ്‌ത്തി. പിന്നാലെ, ശ്രീലങ്കയേയും പരാജയപ്പെടുത്തി ഏഷ്യ കപ്പില്‍ കൂടുതല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള ടീം ഇന്ത്യ ഫൈനലിന് യോഗ്യതയും ഉറപ്പിച്ചു. ഇതോടെ, ആരാധകര്‍ വീണ്ടുമൊരു ഇന്ത്യ -പാക് ഫൈനലിനുള്ള കാത്തിരിപ്പിലേക്കുമായി.