കറാച്ചി: ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് കെഎൽ രാഹുലിന് പകരം സഞ്‌ജു സാംസണെ തെരഞ്ഞെടുക്കേണ്ടതായിരുന്നുവെന്ന് പാകിസ്ഥാൻ മുന്‍ താരം ഡാനിഷ് കനേരിയ. ടി20 ലോക കപ്പിന് മുന്നേ കെഎല്‍ രാഹുലിന് കൂടുതല്‍ വിശ്രമം അനുവദിക്കാമായിരുന്നുവെന്നും കനേരിയ അഭിപ്രായപ്പെട്ടു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് കനേരിയയുടെ പ്രതികരണം.
പരിക്കിനെയും കൊവിഡിനേയും തുടര്‍ന്ന് ദീര്‍ഘ നാളായി പുറത്തിരുന്ന കെഎല്‍ രാഹുല്‍ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ കാര്യമായ പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ടി20 ലോകകപ്പിന് മുന്നേ രാഹുല്‍ ഫോം വീണ്ടെടുക്കണമെന്നും കനേരിയ പറഞ്ഞു.
"ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കെഎൽ രാഹുലിന് കുറച്ച് സമയം അവധിയും, സഞ്‌ജു സാംസണിന് ഏഷ്യ കപ്പിൽ കളിക്കാനുള്ള അവസരവും നൽകണമായിരുന്നു. ഗുരുതരമായ പരിക്കില്‍ നിന്നാണ് രാഹുല്‍ തിരിച്ചെത്തുന്നത്. ഉടനെ സിംബാബ്‍വെ പര്യടനത്തിന് വിട്ടു.
ഇപ്പോഴിതാ ഏഷ്യ കപ്പ് കളിക്കാൻ പോകുന്നു. ഇത് വളരെ നേരത്തേയാണ്. സഞ്‌ജു സാംസണെ പോലെ ഒരു കളിക്കാരന്‍ ഇന്ത്യയ്‌ക്കുണ്ട്. മികച്ച രീതിയില്‍ കളിക്കുന്ന മിടുക്കനായ ക്രിക്കറ്ററാണ് അവന്‍. സഞ്‌ജുവിന് ദേശീയ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമായിരുന്നു", ഡാനിഷ് കനേരിയ പറഞ്ഞു.
"സഞ്‌ജുവിന് പലപ്പോഴും ടീം ഇന്ത്യക്ക് വേണ്ടി കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അവന്‍ ടീമിന് അകത്തും പുറത്തുമായിരുന്നു. എന്നാല്‍ ഇപ്പോൾ, രാഹുൽ ദ്രാവിഡ് അവന്‍റെ കഴിവിനെ കുറിച്ച് ബോധവാനാണ്. ഇക്കാരണത്താലാണ് അവന് അവസരം ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഏഷ്യ കപ്പിൽ മത്സരിക്കാൻ സഞ്‌ജുവിന് അവസരം നൽകണമായിരുന്നു", കനേരിയ കൂട്ടിച്ചേര്‍ത്തു.
സമീപ കാലത്ത് ലഭിച്ച അവസരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്‌ജുവിന് കഴിഞ്ഞിരുന്നു. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് മലയാളി താരത്തിനുള്ളത്. അതേസമയം ഓഗസ്റ്റ് 28ന് പാകിസ്ഥാനെതിരെയാണ് ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
also read: 'ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ചിലര്‍ പറയുന്നു, പക്ഷെ...'; പാക് താരങ്ങളുമായുള്ള സൗഹൃദം വെളിപ്പെടുത്തി വീരേന്ദർ സെവാഗ്