കേരളം

kerala

ETV Bharat / sports

ഏഷ്യ കപ്പ് ക്രിക്കറ്റ് 2022, യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം - asia cup 2022

നാല് ടീമുകളാണ് യോഗ്യത റൗണ്ടില്‍ മത്സരിക്കുന്നത്. കണ്ണൂര്‍ സ്വദേശി റിസ്‌വാന്‍ റഊഫിന് കീഴിലാണ് യുഎഇ യോഗ്യത മത്സരങ്ങള്‍ക്ക് ഇറങ്ങുക.

asia cup cricket  ഏഷ്യ കപ്പ് ക്രിക്കറ്റ് 2022  asia cup cricket qualifier  യുഎഇ  യുഎഇ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍  റിസ്‌വാന്‍ റഊഫ്  Riswan Rauf  asia cup 2022  asia cup qualifier
ഏഷ്യ കപ്പ് ക്രിക്കറ്റ് 2022, യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

By

Published : Aug 20, 2022, 5:00 PM IST

Updated : Aug 21, 2022, 7:31 AM IST

ഒമാന്‍/കണ്ണൂര്‍:ഏഷ്യ കപ്പ് ക്രിക്കറ്റ് 2022 യോഗ്യത മത്സരങ്ങള്‍ ഇന്ന് (20.08.2022) ആരംഭിക്കും. യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഹോങ്കോങ് സിംഗപ്പൂരിനെ നേരിടും. യുഎഇ, കുവൈറ്റ് എന്നിവരാണ് ഏഷ്യ കപ്പ് യോഗ്യതയ്‌ക്കായി മത്സരിക്കുന്ന മറ്റ് ടീമുകള്‍.

ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി യുഎഇ ദേശീയ ക്രിക്കറ്റ് ടീം ചരിത്രത്തിലാദ്യമായി ഒരു മലയാളി നായകന് കീഴിലാകും ഇറങ്ങുക. കണ്ണൂര്‍ സ്വദേശി റിസ്‌വാന്‍ റഊഫിന്‍റെ നേത്യത്വത്തിലിറങ്ങുന്ന യുഎഇ ടീമിന് ആദ്യ മത്സരത്തില്‍ കുവൈറ്റാണ് എതിരാളികള്‍. റിസ്​വാന്​ പുറമെ മലയാളി താരങ്ങളായ ബാസിൽ ഹമീദ്​, അലിഷാൻ ഷറഫു എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.

റിസ്‌വാന്‍ റഊഫ്

യോഗ്യത മത്സരങ്ങള്‍ വിജയിച്ച് യുഎഇ മുന്നേറിയാല്‍ പ്രവാസികളും, മലയാളി ആരാധകരും കാത്തിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ റിസ്‌വാന്‍റെയും സംഘത്തിന്‍റെയും മത്സരം ഓഗസ്റ്റ് 31-ന് നടക്കും. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയുള്ള ഏക മലയാളി താരമായ റിസ്​വാൻ റഊഫ് തലശേരി സ്വദേശി അബ്‌ദുറഊഫിന്‍റെയും നസ്രീൻ റഊഫിന്‍റെയും മകനാണ്. ഫാത്തിമ അനസാണ് ഭാര്യ.

കുടുംബ സമേതം യുഎഇയിലാണ്​ താമസം. കഴിഞ്ഞ വർഷം ജനുവരി എട്ടിന്​ അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെ 136 പന്തിൽ 109 റൺസ്​ അടിച്ചെടുത്ത റിസ്​വാന്‍റെ പ്രകടനം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2019ൽ നേപ്പാളിനെതിരെയാണ്​ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്​. ഇതേ പരമ്പരയിൽ തന്നെ ടി20യിലും വരവറിയിച്ചു.

29 ഏകദിനങ്ങളിലായി 736 റൺസ്​ സ്വന്തമാക്കി. ഏഴ്​ ടി20യിൽ 100 റൺസാണ്​ സാമ്പാദ്യം. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ബൗളർ കൂടിയാണ്​ റിസ്​വാൻ.

യോഗ്യത റൗണ്ടില്‍ മൂന്ന് മത്സരങ്ങള്‍ നാല് ടീമും കളിക്കും. കൂടുതല്‍ പോയിന്‍റ് ലഭിക്കുന്ന ഒരു ടീം ഏഷ്യകപ്പിന് യോഗ്യത നേടും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാന്‍ എന്നിവരാണ് ടൂര്‍ണമെന്‍റിലെ മറ്റ് ടീമുകള്‍.

ഏഷ്യന്‍ ചാമ്പ്യനാകാന്‍ ആറ് ടീമുകള്‍:ഓഗസ്റ്റ് 27-ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റ് സെപ്‌റ്റംബര്‍ 11-ന് അവസാനിക്കും. യോഗ്യത റൗണ്ട് കടന്നെത്തുന്ന ഒരു ടീം ഉള്‍പ്പടെ ആറ് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് പ്രാഥമിക ഘട്ട മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലേക്ക് മുന്നേറും.

ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഓഗസ്റ്റ് 28ന് നടക്കും. ദുബായിലാണ് മത്സരം. ഓഗസ്റ്റ് 27ന് ആതിഥേയരായ ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് ആദ്യ മത്സരം.

പ്രാഥമിക റൗണ്ടിന് ശേഷം സെപ്‌റ്റംബര്‍ മൂന്നിന് സൂപ്പര്‍ ഫോര്‍ റൗണ്ട്‌ ആരംഭിക്കും. സെപ്‌റ്റംബർ 11നാണ് ഫൈനൽ മത്സരം നടക്കുക.

Last Updated : Aug 21, 2022, 7:31 AM IST

ABOUT THE AUTHOR

...view details