ഷാര്‍ജ :ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ അതിരുകടന്ന് അഫ്‌ഗാന്‍ ആരാധകരുടെ രോഷപ്രകടനം. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ അപ്രതീക്ഷിതമായി സംഭവിച്ച തോല്‍വിയാണ് അഫ്‌ഗാന്‍ ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്. ഇന്നലെ പാകിസ്ഥാനോടേറ്റ തോല്‍വിയോടെയാണ് അഫ്‌ഗാനിസ്ഥാന്‍ ഏഷ്യ കപ്പില്‍ നിന്നും പുറത്തായത്.
മത്സരശേഷം സങ്കടത്തിലും രോഷത്തിലുംപ്പെട്ട അഫ്‌ഗാന്‍ ആരാധകര്‍ ജെന്‍റില്‍മാന്‍സ് ഗെയിം എന്നറിയപ്പെടുന്ന ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തികളാണ് നടത്തിയത്. മത്സരം നടന്ന ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ കസേരകള്‍ പാക് ആരാധകര്‍ക്ക് നേരെ വലിച്ചെറിയുന്ന അഫ്ഗാന്‍ ക്രിക്കറ്റ് പ്രേമികളുടെ വീഡിയോയാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സ്‌റ്റേഡിയത്തിലെ കസേര ഉപയോഗിച്ച് പാക് ആരാധകനെ തല്ലുന്ന ദൃശ്യവും പുറത്തുവന്നിരുന്നു.
സ്‌റ്റേഡിയത്തിന് പുറത്ത് ഇരു പക്ഷവും തമ്മില്‍ കയ്യാങ്കളിയിലേര്‍പ്പെടുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഫ്‌ഗാന്‍ ആരാധകരുടെ രോഷപ്രകടനത്തില്‍ വിമര്‍ശനവുമായി നിരവധി മുന്‍ പാക് താരങ്ങളും ഇതിനോടകം തന്നെ രംഗത്തെത്തി. അതേസമയം ഗ്രൗണ്ടിനുള്ളിലും ഇരു ടീമുകളിലെ താരങ്ങളും മത്സരത്തിന്‍റെ ആവേശത്തില്‍ പരസ്‌പരം ഏറ്റുമുട്ടിയിരുന്നു.