മുംബൈ:കാല്‍മുട്ടിനേറ്റ പരിക്ക് മാറിയെങ്കിലും പുതിയ പരിക്കിന്‍റെ പിടിയിലാണ് ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ കെഎല്‍ രാഹുല്‍ (KL Rahul). ഏഷ്യ കപ്പ് (Asia Cup 2023) സ്‌ക്വാഡ് പ്രഖ്യാപന വേളയില്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കറായിരുന്നു ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് കെഎല്‍ രാഹുല്‍ ഉണ്ടാവില്ലെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നുള്ള മത്സരങ്ങളില്‍ 31-കാരന്‍ ഇറങ്ങിയാലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ കളിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇപ്പോഴിതാ വിക്കറ്റ് കീപ്പറാവാന്‍ കഴിയുന്നില്ലെങ്കില്‍ രാഹുലിനെ പ്ലേയിങ് ഇലവനില്‍ എടുക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് ബാംഗര്‍ (Sanjay Bangar).
രാഹുല്‍ വിക്കറ്റ് കീപ്പറായി കളിക്കുകയാണെങ്കില്‍ മാത്രമേ ടീമിന്‍റെ ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയൂവെന്നാണ് സഞ്ജയ് ബാംഗര്‍ പറയുന്നത്. "ടീമിന്‍റെ ബാലന്‍സ് നിലനിര്‍ത്തുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളവര്‍ ബോള്‍ ചെയ്യുന്നവരല്ല.
ഇതോടെ ആറാമതൊരു ബോളിങ് ഓപ്‌ഷന്‍ വേണമെങ്കില്‍ ബാറ്റര്‍മാരിലെ ആദ്യ അഞ്ചില്‍ ഒരാള്‍ ബോള്‍ ചെയ്യാന്‍ കഴിയുന്ന ആളോ വിക്കറ്റ് കീപ്പര്‍ ബാറ്ററോ ആവേണ്ടതുണ്ട്. കെഎല്‍ രാഹുല്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് കളിക്കുകയെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ ആണെങ്കില്‍ മാത്രമേ അവനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കാവൂ. അപ്പോള്‍ മാത്രമേ ടീം ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയൂ"- സഞ്ജയ് ബാംഗര്‍ പറഞ്ഞു.