മുംബൈ :ഈ വര്‍ഷം സെപ്‌റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് (Asia Cup) ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് പാകിസ്ഥാന്‍ മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡലിന് എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ (Asian Cricket Council- ACC) അംഗീകാരം ലഭിക്കാന്‍ സാധ്യത. ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തുമെന്നാണ് സൂചന. വരുന്ന ചൊവ്വാഴ്‌ച (13 ജൂണ്‍) ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB) മുന്നോട്ടുവച്ച ഹൈബ്രിഡ് ആശയത്തിന് അംഗീകാരം ലഭിച്ചാല്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലും അവര്‍ പങ്കെടുക്കും.
നിലവില്‍ ഏഷ്യ കപ്പില്‍ ഇന്ത്യയുടേതല്ലാത്ത നാല് മത്സരങ്ങള്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ vs നേപ്പാള്‍, ബംഗ്ലാദേശ് vs അഫ്‌ഗാനിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ vs ശ്രീലങ്ക, ശ്രീലങ്ക vs ബംഗ്ലാദേശ് എന്നീ മത്സരങ്ങളാകും ഇവിടെ നടത്തുക.
ഇന്ത്യയും പാകിസ്ഥാനും തമ്മിലേറ്റുമുട്ടുന്ന രണ്ട് മത്സരങ്ങളും പല്ലേക്കലെയിലോ ഗാലെയിലോ നടത്തുമെന്നാണ് വിവരം. കൂടാതെ സൂപ്പര്‍ ഫോര്‍ റൗണ്ടിലെ മുഴുവന്‍ മത്സരങ്ങള്‍ക്കും ശ്രീലങ്കയാകും വേദിയാവുക.
ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്ക് ആദ്യം പിസിബി മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡലിനോട് യോജിപ്പുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ നിഷ്‌പക്ഷ വേദിയില്‍ മത്സരം നടത്തുകയാണെങ്കില്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്‍റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹൈബ്രിഡ് മോഡലില്‍ മത്സരം നടത്താമെന്ന തീരുമാനത്തിലേക്ക് എത്തിയത്.