കാന്‍ഡി:ഏഷ്യ കപ്പ് (Asia Cup) ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് (India vs Pakistan) മോശം തുടക്കം. ടോസ് നേടി ബാറ്റ് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് 15 ഓവറുകള്‍ പൂര്‍ത്തിയാവും മുമ്പ് നാല് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടു (Asia Cup 2023 India vs Pakistan). ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി, ശ്രേയസ് അയ്യര്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരാണ് തിരികെ മടങ്ങിയത്.
രോഹിത്തിനേയും കോലിയേയും ഷഹീന്‍ അഫ്രീദി (Shaheen Afridi) പുറത്താക്കിയപ്പോള്‍ ഹാരിസ് റൗഫാണ് ശ്രേയസിനും ഗില്ലിനും പുറത്തേക്കുള്ള വഴി കാണിച്ചത്. ഏറെ കരുതലോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. ആദ്യ ഓവര്‍ എറിഞ്ഞ ഷഹീന്‍ അഫ്രീദിയുടെ രണ്ടാം പന്തില്‍ ബൗണ്ടറി നേടിയാണ് രോഹിത് ശര്‍മ ടീമിന്‍റെ അക്കൗണ്ട് തുറന്നത്.
എന്നാല്‍ പാക് പേസ് നിര മികച്ച പേസും സ്വിങ്ങും കണ്ടെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് ഇഴഞ്ഞു. 4.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴയെത്തിയതോടെ മത്സരം അല്‍പ നേരം നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു. മത്സരം പുനരാരംഭിച്ച് നാല് പന്തുകള്‍ക്കുള്ളില്‍ രോഹിത്തിനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. ഷഹീന്‍ അഫ്രീദിയുടെ ഇന്‍സ്വിങ്ങര്‍ രോഹിത്തിന്‍റെ കുറ്റിയിളക്കുകയായിരുന്നു.
22 പന്തില്‍ 11 റണ്‍സായിരുന്നു രോഹിത്തിന് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്നെത്തിയ വിരാട് കോലി നസീം ഷാക്കെതിരെ അതിമനോഹരമായ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടിക്കൊണ്ട് തന്‍റെ അക്കൗണ്ട് തുറന്നത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഷഹീന്‍ അഫ്രീദിയുടെ അടുത്ത ഓവറില്‍ കോലിക്കും മടങ്ങേണ്ടി വന്നു. ഓഫ് സ്റ്റംപിന് പുറത്തുള്ള പന്തില്‍ പഞ്ച് ഷോട്ട് കളിച്ച കോലി പ്ലേഡൗണ്‍ ആവുകയായിരുന്നു.
ഏഴ് പന്തില്‍ നാല് റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. മൂന്നാം നമ്പറിലെത്തിയ ശ്രേയസ് ആക്രമിച്ച് കളിച്ചെങ്കിലും അധികം പിടിച്ച് നില്‍ക്കാനായില്ല. ഹാരിസ് റൗഫിനെ അതിര്‍ത്തി കടത്താനുള്ള ശ്രേയസിന്‍റെ ശ്രമം മിഡ് വിക്കറ്റില്‍ ഫഖര്‍ സമാന്‍റെ കയ്യില്‍ ഒതുങ്ങി. ഒമ്പത് പന്തുകളില്‍ 14 റണ്‍സെടുത്താണ് ശ്രേയസ് തിരിച്ച് കയറിയത്. 11-ാം ഓവറില്‍ ഇന്ത്യ 50 കടന്നതിന് പിന്നാലെ വീണ്ടും മഴയെത്തി. മത്സരം വീണ്ടും ആരംഭിച്ച് അല്‍പ സമയത്തിനകം ശുഭ്‌മാന്‍ ഗില്ലും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.
താളം കണ്ടെത്താന്‍ പ്രയാസപ്പെടുകയായിരുന്ന ഗില്ലിനെ ഹാരിസ് റൗഫ് ബൗള്‍ഡാക്കുകയായിരുന്നു. 32 പന്തുകളില്‍ 10 റണ്‍സായിരുന്നു ഗില്ലിന് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഒന്നിച്ച ഇഷാന്‍ കിഷന്‍-ഹാര്‍ദിക് പാണ്ഡ്യ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിക്കുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 20 ഓവറില്‍ 102 റണ്‍സാണ് ഇന്ത്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. 32 റണ്‍സുമായി ഇഷാന്‍ കിഷനും 16 റണ്‍സുമായി ഹാര്‍ദിക്കും ബാറ്റിങ് തുടരുകയാണ്. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ പ്രതീക്ഷയാണുള്ളത്.
ALSO READ: Asia Cup 2023 IND vs PAK മഴക്കളി തുടര്‍ന്നാല്‍ ഇന്ത്യ-പാക് മത്സരത്തിന് എന്തു സംഭവിക്കും, ഇന്ത്യയുടെ സൂപ്പര്‍ 4 സാധ്യത അറിയാം...