കാന്‍ഡി :ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഓട്ടക്കയ്യുമായി ഇന്ത്യന്‍ താരങ്ങള്‍. ആദ്യ അഞ്ചോവറിനുള്ളില്‍ നേപ്പാള്‍ ഓപ്പണര്‍മാരുടെ മൂന്ന് ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ നിലത്തിട്ടത് (Asia Cup 2023 India vs Nepal). മുഹമ്മദ് ഷമി എറിഞ്ഞ ഇന്നിങ്‌സിന്‍റെ ആദ്യ ഓവറില്‍ തന്നെ നേപ്പാള്‍ ഓപ്പണര്‍ കുശാൽ ഭുർട്ടെലിനെ പുറത്താക്കാന്‍ ഇന്ത്യയ്‌ക്ക് അവസരം ലഭിച്ചിരുന്നു.
അവസാന പന്തില്‍ സ്ലിപ്പില്‍ ലഭിച്ച അനായാസ ക്യാച്ച് ശ്രേയസ് അയ്യര്‍ (Shreyas Iyer) നഷ്‌ടപ്പെടുത്തി. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ വീണ്ടും അവസരം. ഇക്കുറി വിരാട് കോലിയാണ് (Virat Kohli) വില്ലനായത്. അനായാസം കയ്യിലൊതുക്കാമായിരുന്ന ആസിഫ് ഷെയ്ഖിന്‍റെ ഷോട്ട് മികച്ച ഫീല്‍ഡറായ വിരാട് നിലത്തിടുന്നത് കണ്ട് ആരാധകര്‍ തലയില്‍ കൈവച്ചു (Virat Kohli drop catch against Nepal). മുഹമ്മദ് ഷമി എറിഞ്ഞ അഞ്ചാം ഓവറിലാണ് മൂന്നാമത്തെ ക്യാച്ചും ഇന്ത്യ നഷ്‌ടപ്പെടുത്തിയത്.
വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍റെ (Ishan Kishan) ഊഴമായിരുന്നു ഇത്തവണ. ലെഗ് സൈഡിലേക്കുള്ള ഷമിയുടെ പന്തില്‍ പുള്‍ ഷോട്ട് കളിക്കാനായിരുന്നു ഭുർട്ടെലിന്‍റെ ശ്രമം. എന്നാല്‍ തനിക്ക് നേരെയെത്തിയ പന്ത് തടുത്ത് നിര്‍ത്താന്‍ പോലും ഇഷാന് കഴിഞ്ഞില്ല. ക്യാച്ച് കൈവിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചതോടെ നേപ്പാളിന് മികച്ച തുടക്കം നല്‍കാന്‍ കുശാൽ ഭുർട്ടെലിനും ആസിഫ് ഷെയ്ഖിനും കഴിഞ്ഞിരുന്നു.