കൊളംബോ:ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റ് ടൂര്‍ണമെന്‍റിനായി ഇന്ത്യന്‍ ടീം കൊളംബോയിലെത്തി (India cricket team arrived in Colombo). ടീമിന്‍റെ വരവറിയിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (Sri lanka cricket board) പോസ്റ്റിട്ടിട്ടുണ്ട്. ടീം ബസില്‍ നിന്നുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohil), ഹാര്‍ദിക് പാണ്ഡ്യ (Hardik pandya), തിലക് വര്‍മ (Tilak varma) എന്നിവരുടെ ചിത്രങ്ങളും ഇതോടൊപ്പം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പങ്കിട്ടിട്ടുണ്ട്.
ഇതു കൂടാതെ കൊളംബോയില്‍ നിന്നുമുള്ള താരങ്ങളുടെ നിരവധിയായ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൂര്‍ണ ഫിറ്റ്‌നസിലേക്ക് മടങ്ങിയെത്താത്ത മധ്യനിര ബാറ്റര്‍ കെഎല്‍ രാഹുല്‍ കൊളംബോയിലേക്ക് എത്തിയിട്ടില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (National Cricket Academy) നിരീക്ഷണത്തില്‍ കഴിയുന്ന താരം സെപ്‌റ്റംബര്‍ നാലിനേ ടീമിനൊപ്പം ചേരുവെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
ഇതോടെ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ 31-കാരനായ താരത്തിന് കളിക്കാനാവില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ ടീമുകളാണ് ഏഷ്യ കപ്പിന്‍റെ ഭാഗമാവുന്നത്. ഹൈബ്രീഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. പൂര്‍ണമായും പാകിസ്ഥാനില്‍ നടക്കേണ്ടതായിരുന്നു ഇത്തവണത്തെ ഏഷ്യ കപ്പ്.