കൊളംബോ :ഏഷ്യ കപ്പ് (Asia Cup 2023) ചാമ്പ്യന്മാര്‍ ആരെന്ന് ഇന്നറിയാം. കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ടീം ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ ആണ് നേരിടുന്നത് (Asia Cup 2023 Final India vs Srilanka). വൈകുന്നേരം മൂന്ന് മണിക്കാണ് ഫൈനല്‍ ആരംഭിക്കുന്നത് (India vs Srilanka Final Match Time).
സൂപ്പര്‍ ഫോറില്‍ രണ്ട് ജയത്തോടെയാണ് ഇരുടീമുകളും ഫൈനലിന് യോഗ്യത നേടിയത്. പാകിസ്ഥാനെയും ശ്രീലങ്കയേയും തോല്‍പ്പിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു ടീം ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. മറുവശത്ത്, ബംഗ്ലാദേശിനെയും പാകിസ്ഥാനെയും തകര്‍ത്തുകൊണ്ടായിരുന്നു ലങ്കയുടെ മുന്നേറ്റം.
പോരാട്ടം കനപ്പിക്കാന്‍ ഇന്ത്യ :ഏഷ്യ കപ്പില്‍ എട്ടാം കിരീടം തേടിയാണ് ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ (2018) ഏകദിന ഫോര്‍മാറ്റില്‍ ടൂര്‍ണമെന്‍റ് നടന്നപ്പോള്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമായിരുന്നു കപ്പ് അടിച്ചത്. അന്ന്, ബംഗ്ലാദേശിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.
ഇന്ന്, ഫൈനലില്‍ ശ്രീലങ്കയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ചിരുന്ന വിരാട് കോലി (Virat Kohli), ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), കുല്‍ദീപ് യാദവ് (Kuldeep Yadav), ജസ്‌പ്രീത് ബുംറ (Jasprit Bumrah), മുഹമ്മദ് സിറാജ് (Mohammed Siraj) എന്നിവരെല്ലാം ടീമിലേക്ക് മടങ്ങിയെത്തും. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ അക്‌സര്‍ പട്ടേലിന്‍റെ (Axar Patel Injury) പകരക്കാരനായി വാഷിങ്‌ടണ്‍ സുന്ദര്‍ (Washington Sundar) ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.