മുംബൈ: അന്താരാഷ്‌ട്ര കരിയറില്‍ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്ന് പോകുന്ന ഇന്ത്യയുടെ സ്‌റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് പിന്തുണയുമായി ലെഗ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. സെഞ്ചുറി നേടാനായില്ലെങ്കിലും ഈ കാലയളവിൽ വിലയേറിയ നിരവധി സംഭാവനകൾ കോലി ടീമിന് നല്‍കിയിട്ടുണ്ടെന്നാണ് ചാഹല്‍ പറയുന്നത്. നമ്മള്‍ കോലിയുടെ സെഞ്ചുറികളെക്കുറിച്ച് മാത്രം ചിന്തിക്കുന്നതാണ് പ്രശ്‌നമെന്നും ചാഹല്‍ പറഞ്ഞു.
"അന്താരാഷ്‌ട്ര ടി20യില്‍ അന്‍പതിന് മുകളില്‍ ശരാശരിയും, രണ്ട് ടി20 ലോകകപ്പുകളിൽ ടൂർണമെന്റിലെ മാൻ ഓഫ് ദി ടൂർണമെന്‍റും നേടിയ മറ്റാരെങ്കിലുമുണ്ടോ?, അദ്ദേഹം എല്ലാ ഫോർമാറ്റുകളിലുമായി 70 സെഞ്ചുറികൾ നേടിയിട്ടുണ്ട്. എല്ലാ ഫോർമാറ്റുകളിലും അദ്ദേഹത്തിന്‍റെ ശരാശരി മാത്രം നോക്കിയാല്‍ മതി,
നമ്മള്‍ സെഞ്ചുറികളെക്കുറിച്ച് മാത്രം ചിന്തിക്കുന്നതാണ് പ്രശ്നം. നമ്മള്‍ അദ്ദേഹത്തിന്‍റെ വിലയേറിയ സംഭാവനകളായ 60-70 റണ്‍സുകളെക്കുറിച്ച് സംസാരിക്കുന്നില്ല. അതിന്‍റെ കാരണം അദ്ദേഹം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളാവാം" ചാഹല്‍ പറഞ്ഞു.
കോലിക്കെതിരെ ലോകത്തെ ഒരു ബോളറും പന്തെറിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചാഹല്‍ പറഞ്ഞു. “ടീം 15-20 റൺസ് പിന്നിലാണെങ്കിലും, അവൻ ക്രീസിലുണ്ടെങ്കിൽ ഒരു ബോളറും എതിരെപന്തെറിയാൻ ആഗ്രഹിക്കുന്നില്ല” ചാഹല്‍ വ്യക്തമാക്കി.
എല്ലാവര്‍ക്കു കീഴിലും റോള്‍ ഒന്ന്:രോഹിത്തിന്‍റെയും കോലിയുടേയും ക്യാപ്റ്റന്‍സിക്ക് കീഴില്‍ തന്‍റെ റോള്‍ ഒന്നായിരുന്നുവെന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു. "വ്യത്യസ്‌ത ക്യാപ്റ്റൻമാരുടെ കീഴിലും എന്‍റെ റോൾ എല്ലായ്‌പ്പോഴും ഒരുപോലെയാണ്, അവർ എന്നെ ഒരു വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി എപ്പോഴും ഉപയോഗിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അവരെല്ലാം ഒരുപോലെയാണ്. ഒരു ബൗളർ എന്ന നിലയിൽ എനിക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതിനെ അവര്‍ പിന്തുണച്ചു". ചാഹൽ പറഞ്ഞു.