ന്യൂഡല്‍ഹി : ഏഷ്യ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന്‍റെ അവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഞായറാഴ്‌ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുക. ടൂര്‍ണമെന്‍റില്‍ ഹാട്രിക് കിരീടം ലക്ഷ്യംവച്ചാണ് ഇന്ത്യയെത്തുന്നത്.
മത്സരത്തിന് മുന്‍പ് ഇന്ത്യയുടെ പ്ലെയിങ് ഇലവനെ പ്രവചിച്ചിരിക്കുകയാണ് മുന്‍ താരം വസീം ജാഫര്‍. ട്വിറ്ററിലൂടെയാണ് ജാഫറിന്‍റെ പ്രഖ്യാപനം. മികച്ച ഫോമിലുള്ള ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ജാഫര്‍ തയ്യാറിയില്ല. ഹൂഡയ്‌ക്ക് പുറമെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍. അശ്വിന്‍, അവേശ് ഖാന്‍ എന്നിവരെയും ജാഫര്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
കാര്‍ത്തിക്/ പന്ത് :വിക്കറ്റ് കീപ്പർ-ബാറ്റർ സ്ഥാനത്തേക്ക് ദിനേശ് കാർത്തിക്കിനും റിഷഭ് പന്തിനും ഇടയിൽ വ്യക്തമായ തെരഞ്ഞെടുപ്പ് ജാഫര്‍ നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്. ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ടി20 ഫോര്‍മാറ്റില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പന്തിനായിട്ടില്ല. ഇതേവരെ 54 അന്താരാഷ്‌ട്ര ടി20 മത്സരങ്ങളില്‍ നിന്നും 23.86 ശരാശരിയില്‍ 883 റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ കഴിഞ്ഞത്.
മൂന്ന് അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഈ വര്‍ഷം 13 അന്താരാഷ്‌ട്ര ടി20 മത്സരങ്ങളില്‍ 26.00 ശരാശരിയില്‍ 260 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. പുറത്താവാതെ നേടിയ 52 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇതോടെ പന്ത് കളിക്കുകയാണെങ്കില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങണമെന്നാണ് ജാഫര്‍ അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മിന്നുന്ന മികച്ച പ്രകടനം നടത്താന്‍ കാര്‍ത്തിക്കിന് കഴിഞ്ഞിരുന്നു. ബാംഗ്ലൂരിനായി 16 മത്സരങ്ങളിൽ 55.00 ശരാശരിയിൽ 330 റൺസാണ് താരം അടിച്ച് കൂട്ടിയത്.