ദുബായ്: ഏഷ്യ കപ്പില്‍ ഇന്ത്യ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രം വിരാട് കോലി ആവുമെന്നുറപ്പ്. ഇന്ത്യയുടെ റണ്‍മെഷീനായിരുന്ന താരത്തിന്‍റെ ബാറ്റില്‍ നിന്നും ഒരു അന്താരാഷ്‌ട്ര സെഞ്ച്വറി പിറന്നിട്ട് 1000ത്തിലേറെ ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അവസാനമായി കളിച്ച ഇംഗ്ലണ്ട് പര്യടനത്തിലും താരത്തിന് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇതിന് ശേഷം ചെറിയ ഇടവേളയ്‌ക്ക് ശേഷമാണ് കോലി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ഈ വരവ് പൂര്‍ണ ആത്മവിശ്വാസത്തോടെയുള്ളതാണെന്ന് കോലിയുടെ വാക്കുകള്‍. നേരത്തെ താന്‍ മാനസികമായി തളര്‍ന്നിരുന്നുവെന്നും കോലി പറഞ്ഞു.
"മാനസികമായി തളര്‍ന്നിരുന്നുവെന്ന് അംഗീകരിക്കാൻ എനിക്ക് മടിയില്ല. ഇതൊരു സാധാരണ കാര്യമാണ്. മടി തോന്നുന്നതിനാല്‍ നമ്മള്‍ അതേക്കുറിച്ച് സംസാരിക്കാറില്ല. മാനസികമായി തളര്‍ന്ന ഒരാളായി ആളുകള്‍ നമ്മെ നോക്കാനും ആരും ആഗ്രഹിക്കില്ല. ശക്തനാണെന്ന് നടിക്കുന്നത് ദുർബലനാണെന്ന് സമ്മതിക്കുന്നതിനേക്കാൾ വളരെ പരിതാപകരമാണ്", കോലി പറഞ്ഞു.
എന്തു വിലകൊടുത്തും വിജയം നേടും:ക്രിക്കറ്റ് കളിക്കുന്നത് ഇഷ്‌ടപ്പെടുന്നയാളാണ് താനെന്നും ഓരോ പന്തിലും തനിക്ക് വളരെയധികം സംഭാവന ചെയ്യാനുണ്ടെന്നും താരം പറഞ്ഞു. "ഈ ദിവസം എങ്ങനെയാകുമെന്ന് ഉണരുമ്പോൾ തന്നെ ചിന്തിക്കുന്ന ഒരാളാണ് ഞാൻ. ഭാഗമാകുന്ന എല്ലാത്തിലും പൂർണ സന്തോഷത്തോടെയും ആത്മാർഥതയോടെയും ഇടപെടണമെന്നതാണ് ആഗ്രഹം.