ദുബായ് : അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് അഞ്ച് വിക്കറ്റ് വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടിയ പാകിസ്ഥാന്‍ ഒരു പന്ത് അവശേഷിക്കെ ഇന്ത്യ ഉയര്‍ത്തിയ 182 എന്ന വിജയലക്ഷ്യം മറികടന്നു. 51 പന്തില്‍ 71 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍.
ഓപ്പണർ മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് നവാസ് എന്നിവരുടെ ഉജ്വല ഇന്നിങ്സുകളാണ് പാകിസ്ഥാന്‍റെ വിജയമൊരുക്കിയത്. 20 പന്തില്‍ 42 റണ്‍സ് നേടിയ മുഹമ്മദ് നവാസാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. രവി ബിഷ്‌ണോയി എറിഞ്ഞ പതിനെട്ടാം ഓവറിലെ മൂന്നാം പന്തില്‍ ആസിഫ് അലിയുടെ അനായാസ ക്യാച്ച് അര്‍ഷ്‌ദീപ് സിങ് വിട്ടുകളഞ്ഞത് കളിയില്‍ നിര്‍ണായകമായി.
ഒരു റണ്‍സ് മാത്രം എടുത്തിരുന്ന അര്‍ഷ്‌ദീപ് സിങ് പിന്നീട് നേടിയത് എട്ട് പന്തില്‍ 16 റണ്‍സാണ്. അവസാന രണ്ടോവറില്‍ പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 26 റണ്‍സ്. ഭുവനേശ്വര്‍ കുമാർ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ പാകിസ്ഥാന്‍ അടിച്ചെടുത്തത് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 19 റണ്‍സ്.
പത്തൊമ്പതാം ഓവറിലെ അഞ്ചാം പന്തില്‍ ഇഫ്‌ത്തിഖര്‍ അഹമ്മദ് ഡബിളെടുത്തതോടെ ഇന്ത്യക്കെതിരെ പാകിസ്ഥാന് അഞ്ച് വിക്കറ്റ് ജയം. പാക് ബാറ്റര്‍മാര്‍ കളം നിറഞ്ഞ് കളിച്ച മത്സരത്തില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കാഴ്‌ചക്കാരായി നില്‍ക്കാനേ സാധിച്ചുള്ളൂ. യുസ്‌വേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 181 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയുടെയും കെഎല്‍ രാഹുലിന്‍റെയും വെടിക്കെട്ട് ബാറ്റിങ് ആവേശകരമായ തുടക്കം നല്‍കി. ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിച്ച ഇരുവരും ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
16 പന്തില്‍ 28 റണ്‍സ് അടിച്ചുകൂട്ടിയ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ആദ്യം നഷ്‌ടമായത്. ഹാരിസ് റൗഫ് ആണ് രോഹിത്തിനെ പുറത്താക്കി പാകിസ്ഥാന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നാലെ 20 പന്തില്‍ 28 റണ്‍സ് അടിച്ചുകൂട്ടിയ കെഎല്‍ രാഹുലിനെ ഷദാബ് ഖാന്‍ മടക്കി. മൂന്നാമനായി ക്രീസിലെത്തി നിലയുറപ്പിച്ച വിരാട് കോലിയാണ് ഇന്ത്യയുടെ സ്‌കോറുയര്‍ത്തിയത്.
തുടരെ രണ്ടാം അര്‍ധ സെഞ്ച്വറി നേടിയ കോലി 44 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 60 റണ്‍സാണ് സ്വന്തമാക്കിയത്. ഇതോടെ ടി20 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും വിരാട് കോലി സ്വന്തം പേരിലെഴുതി. പാകിസ്ഥാനെതിരെ മത്സരത്തില്‍ 32-ാം അര്‍ധ സെഞ്ച്വറിയാണ് കോലി കുറിച്ചത്.
സൂര്യകുമാര്‍ യാദവ് (13), റിഷഭ് പന്ത് (14), ദീപക് ഹൂജ് (16), രവി ബിഷ്‌ണോയ് (8) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍. റിഷഭ് പന്തിന് പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ പൂജ്യത്തിന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അവസാന രണ്ട് പന്തില്‍ രണ്ട് ഫോര്‍ നേടിയ രവി ബിഷ്‌ണോയാണ് ഇന്ത്യയുടെ സ്‌കോര്‍ 180 കടത്തിയത്.
പാകിസ്ഥാന് വേണ്ടി ഷദാബ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നസീം ഷാ, മുഹമ്മദ് ഹസ്‌നൈന്‍, ഹരിസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. അതേസമയം, സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിലെ തോല്‍വിയോടെ ഇന്ത്യയ്ക്ക് സമ്മര്‍ദമേറി. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കും അഫ്‌ഗാനിസ്ഥാനുമെതിരെയുള്ള അടുത്ത രണ്ട് മത്സരങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.