കേരളം

kerala

ETV Bharat / sports

Asia Cup: ടി20 ക്രിക്കറ്റില്‍ രോഹിത്തിന് ലോക റെക്കോഡ്; മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത നേട്ടം - Martin Guptill

അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ 3500 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ.

Asia Cup 2022  Asia Cup  Rohit Sharma  Rohit Sharma T20I record  ഏഷ്യ കപ്പ്  ഇന്ത്യ vs ഹോങ്കോങ്  രോഹിത് ശര്‍മ  രോഹിത് ശര്‍മ ടി20 റെക്കോഡ്  മാര്‍ട്ടിന്‍ ഗപ്റ്റില്‍  വിരാട് കോലി  Martin Guptill  Virat Kohli
Asia Cup: ടി20 ക്രിക്കറ്റില്‍ രോഹിത്തിന് ലോക റെക്കോഡ്; മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത നേട്ടം

By

Published : Sep 1, 2022, 10:24 AM IST

ദുബായ്:അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഫോര്‍മാറ്റില്‍ 3500 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. ഏഷ്യ കപ്പില്‍ ഹോങ്കോങ്ങിനെതിരായ മത്സരത്തിലാണ് രോഹിത് നിര്‍ണായ നാഴികകല്ല് പിന്നിട്ടത്.

ഈ മത്സരത്തിന് മുന്നെ 3499 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ ആദ്യ ഓവറില്‍ ഹാറൂണ്‍ അര്‍ഷദിനെതിരെ സിംഗിളെടുത്താണ് രോഹിത് റെക്കോഡിട്ടത്. താരത്തിന്‍റെ 134-ാം മത്സരമായിരുന്നുവിത്. ഹോങ്കോങ്ങിനെതിരെ 13 പന്തില്‍ 21 റണ്‍സെടുത്ത താരം പവര്‍പ്ലേയില്‍ തന്നെ മടങ്ങിയിരുന്നു.

ന്യൂസിലന്‍ഡ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗപ്‌റ്റിലിന്‍റെ കനത്ത വെല്ലുവിളി മറികടന്നു കൂടിയാണ് രോഹിത് പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്. 121 മത്സരങ്ങളില്‍ 3497 റണ്‍സടിച്ച കിവീസ് താരം രോഹിത്തിന്‍റെ തൊട്ടുപിന്നിലുണ്ടായിരുന്നു. 101 മത്സരങ്ങളില്‍ 3343 റണ്‍സ് നേടിയിട്ടുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത്.

114 മത്സരങ്ങളില്‍ 3011 റണ്‍സെടുത്തിട്ടുള്ള അയര്‍ലന്‍ഡിന്‍റെ പോള്‍ സ്റ്റെര്‍ലിങ് പട്ടികയില്‍ നാലാമതും 92 മത്സരങ്ങളില്‍ 2855 റണ്‍സ് അടിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് അ‍ഞ്ചാമതുമാണ്.

അതേസമയം മത്സരത്തില്‍ ഇന്ത്യ 40 റണ്‍സിന് ഹോങ്കോങ്ങിനെ തകര്‍ത്തിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ്ങിന്‍റെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 152ല്‍ അവസാനിക്കുകയായിരുന്നു.

26 പന്തില്‍ 68 റണ്‍സടിച്ച് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം. 44 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയും ഇന്ത്യയ്‌ക്കായി തിളങ്ങി.

also read: Asia cup| ഹോങ്കോങ്ങിനെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ സൂപ്പര്‍ ഫോറില്‍

ABOUT THE AUTHOR

...view details