ഷാര്‍ജ :ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ ഒരു വിക്കറ്റിന് കീഴടക്കി പാകിസ്ഥാന്‍ ഏഷ്യ കപ്പ് ഫൈനലില്‍. അഫ്‌ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെയാണ് പാകിസ്ഥാന്‍ മറികടന്നത്. ഇതോടെ ഹാട്രിക് കിരീടമോഹവുമായെത്തിയ ഇന്ത്യ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി.
ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ അയല്‍ക്കാരുടെ പോരാട്ടത്തില്‍ അവസാന ഓവറില്‍ നസീം ഷാ നേടിയ രണ്ട് സിക്സറുകളാണ് പാകിസ്ഥാന് ഫൈനലിലേക്കും ഇന്ത്യയ്‌ക്ക് പുറത്തേക്കുമുള്ള വഴി ഒരുക്കിയത്. അവസാന ഓവറില്‍ 11 റണ്‍സ് വേണ്ടിയിരിക്കെ അഫ്‌ഗാനിസ്ഥാന്‍റെ ഫസല്‍ ഫാറൂഖി എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകളാണ് നസീം ഷാ അതിര്‍ത്തി കടത്തിയത്. കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയാണ് പാകിസ്ഥാന്‍റെ എതിരാളി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 129 റണ്‍സ് നേടിയത്. 37 പന്തില്‍ 35 റണ്‍സ് നേടി ഇബ്രാഹിം സര്‍ദാനായിരുന്നു അഫ്‌ഗാന്‍ ടോപ് സ്‌കോറര്‍. പാകിസ്ഥാനായി ഹാരിസ് റൗഫ് രണ്ടും നസീം ഷാ, മുഹമ്മദ് ഹസ്നൈന്‍, മൊഹമ്മദ് നവാസ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന് അഫ്‌ഗാന്‍ ബോളര്‍മാര്‍ തുടക്കത്തിലേ തിരിച്ചടി നല്‍കി. ബാബര്‍ അസം (0), ഫഖര്‍ സമാന്‍ (5) എന്നിവരെ പവര്‍പ്ലേയ്‌ക്കുള്ളില്‍ തന്നെ പാകിസ്ഥാന് നഷ്‌ടമായി. ടൂര്‍ണമെന്‍റിലെ ടോപ്‌സ്‌കോറര്‍ മൊഹമ്മദ് റിസ്‌വാന്‍ 26 പന്തില്‍ 20 റണ്‍സുമായി മടങ്ങി.
അഞ്ചാമനായി ക്രീസിലെത്തിയ ഷദാബ് ഖാന്‍ (36) ആണ് പാകിസ്ഥാന്‍ ടോപ് സ്‌കോറര്‍. ഫസല്‍ ഫാറൂഖി, ഫരീദ് അഹമ്മദ് എന്നിവര്‍ അഫ്‌ഗാനിസ്ഥാനായി മൂന്ന് വിക്കറ്റ് വീതം നേടി. നാലോവര്‍ പന്തെറിഞ്ഞ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റാണ് മത്സരത്തില്‍ സ്വന്തമാക്കിയത്.