ദുബായ്: പാക് പേസര്‍ നസീം ഷാ ഉള്‍പ്പെട്ട ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി ബോളിവുഡ് നടി ഉർവശി റൗട്ടേല ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത് ഏറെ വിവാദമായിരുന്നു. ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് മത്സരം കാണാനെത്തിയ തന്നെ ടിവിയിൽ കാണിച്ച ദൃശ്യങ്ങളാണ് ഉർവശി പങ്കുവെച്ചത്. നസീം ഷാ കൂടി ഉള്‍പ്പെട്ട ദൃശ്യത്തിന് ‘കോയി തുച്കോ ന മുച്സേ ചാരു ലേ’ എന്ന പ്രണയ ഗാനമായിരുന്നു ഉര്‍വശി പശ്ചാത്തലത്തില്‍ നല്‍കിയത്.
ഇതോടെ കടുത്ത വിമര്‍ശങ്ങളാണ് ഉർവശിക്കെതിരെ ഉയർന്നിരുന്നത്. ഇപ്പോൾ ഈ വീഡിയോയുമായി ബന്ധപ്പെട്ട ചോദ്യത്തിന് നസീം ഷാ നല്‍കിയ മറുപടി വൈറലാവുകയാണ്. ഏഷ്യ കപ്പ് ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് നസീമിനോട് ഉർവശിയെ കുറിച്ച് ചോദിച്ചത്.
ഉര്‍വശി ആരാണെന്ന് തനിക്ക് അറിയില്ലെന്നാണ് താരം മറുപടി നല്‍കിയത്. "ഞാൻ എന്‍റെ മത്സരത്തിൽ മാത്രമാണ് ശ്രദ്ധിച്ചത്. ആളുകൾ എനിക്ക് വീഡിയോ അയയ്ക്കുന്നുണ്ട്.
എന്നാല്‍ അതേക്കുറിച്ച് എനിക്ക് യാതൊരു അറിവുമില്ല. എന്നിൽ യാതൊരു പ്രത്യേകതയും ഇല്ല. മത്സരം കാണാനെത്തുകയും ക്രിക്കറ്റിനെ വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്ന ആളുകളോട് നന്ദി അറിയിക്കുന്നു" നസീം ഷാ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തും ഉർവശിയുമായുള്ള സോഷ്യല്‍ മീഡിയ പോര് അടുത്തിടെ ചര്‍ച്ചയായിരുന്നു. ഉര്‍വശി നല്‍കിയ ഒരു അഭിമുഖവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള ശീതയുദ്ധം ആരംഭിച്ചത്. തന്നെ കാണാന്‍ "ആര്‍പി" മണിക്കൂറുകളോളം കാത്തിരുന്നുവെന്നും 16-17 തവണ ഫോണ്‍ വിളിച്ചിട്ടും താന്‍ എടുത്തിരുന്നില്ലെന്നുമാണ് നടി അഭിമുഖത്തില്‍ പറഞ്ഞത്.
ആരാണ് ആര്‍പി എന്ന് അവതാരകന്‍ ചോദിച്ചെങ്കിലും മറുപടി പറയാന്‍ നടി തയ്യാറായില്ല. ഇതിന് മറുപടിയെന്നോണം നടിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ആളുകള്‍ പ്രശസ്തിക്ക് വേണ്ടി ആളുകള്‍ കള്ളം പറയുന്നത് കാണാന്‍ രസമാണെന്ന് പന്ത് തിരിച്ചടിച്ചു.
also read:'അവയെല്ലാം നിങ്ങള്‍ക്ക് പരാജയങ്ങളായിരുന്നു'; അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെ കൊടിയ വിമര്‍ശനത്തിന്‍റെ കയ്‌പ്പ് ഓര്‍ത്തെടുത്ത് വിരാട് കോലി