കറാച്ചി :ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ വിജയമുറപ്പിച്ചതിന് പിന്നാലെയുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ ട്വീറ്റ് വൈറലായിരുന്നു. 2018ലെ ഏഷ്യ കപ്പില്‍ പരിക്കേറ്റതിന് ശേഷം സ്‌ട്രെച്ചറില്‍ പുറത്തേക്ക് കൊണ്ടുപോകുന്ന ചിത്രത്തിനൊപ്പം, മത്സരം ഫിനിഷ് ചെയ്ത ശേഷമുള്ള ചിത്രം ചേര്‍ത്തുവച്ചാണ് ഹാര്‍ദിക് പോസ്റ്റിട്ടിരുന്നത്.
'മടങ്ങിവരവ് തിരിച്ചടികളേക്കാള്‍ മഹത്തരം' എന്നാണ് ഹാര്‍ദിക് ഇതോടൊപ്പം കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഹാര്‍ദിക്കിന്‍റെ ഈ പോസ്റ്റ് റീട്വീറ്റ് ചെയ്‌തിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ താരം മുഹമ്മദ് അമീര്‍. 'നന്നായിട്ട് കളിച്ചു സഹോദരാ..' എന്നാണ് അമീര്‍ ഇതോടൊപ്പം എഴുതിയത്.
അതേസമയം പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഓള്‍ റൗണ്ടര്‍ മികവുമായാണ് ഹാര്‍ദിക് പാണ്ഡ്യ തിളങ്ങിയത്. 17 പന്തില്‍ പുറത്താവാതെ 33 റണ്‍സെടുത്ത താരം മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു. ഹാര്‍ദിക്കിന്‍റെ പ്രകടനത്തെ പുകഴ്‌ത്തി മുന്‍ പാകിസ്ഥാന്‍ താരങ്ങളായ വസീം അക്രം, വഖാര്‍ യൂനിസ്, ഷൊയ്ബ് അക്തര്‍, ഷാഹിദ് അഫ്രീദി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
അതേസമയം 2018ലെ ഏഷ്യ കപ്പിലേറ്റ പരിക്ക് ഹാര്‍ദിക് പാണ്ഡ്യയുടെ കരിയറില്‍ കരിനിഴലായിരുന്നു. ദുബായില്‍ പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ താരത്തെ സ്‌ട്രെക്‌ചറിലാണ് അന്ന് കളത്തിന് പുറത്തെത്തിച്ചത്. പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായ ഹാര്‍ദിക് പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും താരത്തിന് പഴയ ഫോം പുലര്‍ത്താനായിരുന്നില്ല.
ഇതിന് ശേഷം പലപ്പോഴും ടീമിന് അകത്തും പുറത്തുമായിരുന്നു താരം. ഇതിനിടെ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളിച്ചുവെങ്കിലും കാര്യമായ പ്രകടനം നടത്താന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നില്ല. ലോക കപ്പിന് പിന്നാലെ ടീമില്‍ നിന്ന് വിട്ടുനിന്ന താരം ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. പൂര്‍ണ ക്ഷമതയോടെ പന്തെറിയാനാവുമ്പോഴേ തിരിച്ചെത്തൂവെന്ന് വ്യക്തമാക്കിയാണ് താരം ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നത്.
also read:ഏഷ്യ കപ്പ് : ബാബറിന് പിഴച്ചത് അവിടെ ; ചൂണ്ടിക്കാട്ടി വസീം അക്രം
പിന്നാലെ നടന്ന ഐപിഎല്ലിലാണ് ഹാര്‍ദിക് പാണ്ഡ്യ സാക്ഷാല്‍ പവര്‍ പാണ്ഡ്യയാവുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായ താരം ടീമിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലെത്തിച്ചു. ഓള്‍ റൗണ്ടര്‍ മികവുമായി ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമാവാനും പാണ്ഡ്യയ്‌ക്ക് കഴിഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു ഇന്ത്യന്‍ ടീമിലേക്ക് ഹാര്‍ദിക്കിന്‍റെ വമ്പന്‍ തിരിച്ചുവരവ്.