ദുബായ്:ഏഷ്യ കപ്പ് ക്രിക്കറ്റിലെ അവസാന ഓവര്‍ ത്രില്ലറില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. പാകിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റും, രണ്ട് പന്തും ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. പന്ത് കൊണ്ടും, ബാറ്റ് കൊണ്ടും തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയാണ് കളിയിലെ താരം.
റണ്‍ ചേസിന്‍റെ തുടക്കത്തില്‍ പാകിസ്ഥാന്‍ ബോളര്‍മാര്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിക്കുന്ന കാഴ്‌ചയ്‌ക്കാണ് ദുബായ് ഇന്‍റര്‍നാഷണല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യ ഓവറില്‍ തന്നെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ആദ്യ മത്സരത്തിനിറങ്ങിയ നസീം ഷാ കെഎല്‍ രാഹുിലിനെ പുറത്താക്കി ഇന്ത്യയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. അതേ ഓവറില്‍ തന്നെ വിരാട് കോലിയെയും വിക്കറ്റിന് അടുത്തെത്തിച്ചിരുന്നു നസീം ഷാ.
നസീം ഷായുടെ ഓഫ്‌സ്റ്റംമ്പിന് പുറത്ത് പോയ പന്തില്‍ ബാറ്റ് വെച്ച് കോലിക്ക് പിഴച്ചിരുന്നു. എന്നാല്‍ എഡ്‌ജ് ചെയ്‌ത പന്ത് കൈയിലൊതുക്കാന്‍ സ്ലിപ്പില്‍ ഫഖര്‍ സമാന് സാധിക്കാതെ പോയതോടെ ഇന്ത്യയ്‌ക്ക് ആശ്വാസമായി. മിന്നല്‍ വേഗം കൊണ്ട് പാക് ബോളര്‍മാര്‍ ഇന്ത്യയുടെ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ വിറപ്പിച്ചപ്പോള്‍ 38 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് എത്തിയത്.
സ്‌പിന്നര്‍മാരെ കടന്ന് ആക്രമിക്കാനുള്ള ശ്രമത്തിനിടെയാണ് ക്യാപ്‌ടന്‍ രോഹിത് ശര്‍മ മടങ്ങിയത്. 18 പന്തില്‍ 12 റണ്‍സ് നേടിയ രോഹിതിനെ മൊഹമ്മദ് നവാസ് ആണ് പുറത്താക്കിയത്. 9-ാം ഓവറില്‍ മടങ്ങിയെത്തിയ നവാസ് വിരാട് കോലിയേയും (35) പുറത്തക്കി മത്സരം പാകിസ്ഥാന്‍ നിയന്ത്രണത്തിലാക്കി.
നാലാമനായി സ്ഥാനക്കയറ്റം ലഭിച്ച രവീന്ദ്ര ജഡേജയും, സൂര്യകുമാര്‍ യാദവും പിടിച്ച് നിന്നെങ്കിലും ഇരുവര്‍ക്കും റണ്‍നിരക്ക് ഉയര്‍ത്താന്‍ കാര്യമായി സാധിച്ചില്ല. നാസീം ഷായ്ക്കെതിരെ തകര്‍ത്തടിക്കാന്‍ ശ്രമിക്കവെ സൂര്യകുമാര്‍ (18) ക്ലീന്‍ ബൗള്‍ഡ് ആയതോടെ ഇന്ത്യയ്‌ക്ക് വീണ്ടും സമ്മര്‍ദം വര്‍ധിച്ചു. പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദിക് തുടക്കത്തില്‍ തന്നെ ബൗണ്ടറി നേടി ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി.
പാക് ബോളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞ് റണ്‍സ് വിട്ട് കൊടുക്കാന്‍ പിശുക്ക് കാണിച്ചതോടെ അവസാന നാലോവറില്‍ ഇന്ത്യയ്‌ക്ക് ജയം സ്വന്തമാക്കാന്‍ 41റണ്‍സായി. അവസാന രണ്ടോവറില്‍ 22 റണ്‍സായിരുന്നു ഇന്ത്യയ്‌ക്ക് വേണ്ടിയിരുന്നത്. ഹാരിസ് റൗഫ് എറിഞ്ഞ 19-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്ന് ബൗണ്ടറി പായിച്ച് ഇന്ത്യയെ ജയത്തിനരികിലെത്തിച്ചു.
അവസാന ഓവറില്‍ 7 റണ്‍സ് മാത്രം വേണ്ടിയിരിക്കെ കൂറ്റന്‍ അടിക്ക് ശ്രമിച്ച് നിലയുറപ്പിച്ച് കളിച്ച രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡ് ആയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും സമ്മര്‍ദം. രണ്ടാം പന്തില്‍ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്ക് സിംഗിളെടുത്ത് സ്‌ട്രൈക്ക് ഹാര്‍ദികിന് കൈമാറി. അടുത്ത പന്ത് ഡോട്ട് ആയെങ്കിലും നാലാം പന്ത് ലോങ് ഓണിന് മുകളിലൂടെ സിക്‌സര്‍ പറത്തി ഹര്‍ദിക് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സില്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും, മൂന്ന് വിക്കറ്റ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുമാണ് പാകിസ്ഥാനെ എറിഞ്ഞൊതുക്കിയത്. 42 പന്തില്‍ 43 റണ്‍സ് അടിച്ച മൊഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍.