ദുബായ്: ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ താരമാണ് പേസര്‍ ഭുവനേശ്വര്‍ കുമാര്‍. പാക് നായകന്‍ ബാബര്‍ അസമിന്‍റെയുള്‍പ്പെടെ നാല് വിക്കറ്റുകളാണ് താരം നേടിയത്. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഭുവിയുടെ പ്രകടനം.
ഇതോടെ ചില തകര്‍പ്പന്‍ റെക്കോഡുകളും സ്വന്തമാക്കാന്‍ ഭുവിയ്‌ക്ക് കഴിഞ്ഞു. ടി20യില്‍ പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 2016ലെ ഏഷ്യ കപ്പില്‍ എട്ട് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഹാര്‍ദിക് പാണ്ഡ്യയുടെ റെക്കോഡാണ് ഭുവനേശ്വര്‍ കുമാര്‍ പഴങ്കഥയാക്കിയത്.
ഇതുകൂടാതെ പാകിസ്ഥാനെതിരെ ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡും ഭുവി സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍റെ ആറ് വിക്കറ്റ് നേട്ടം മറികടന്ന ഭുവി തന്‍റെ സമ്പാദ്യം ഒന്‍പതിലെത്തിച്ചു. വെറും അഞ്ച് മത്സരങ്ങളിലാണ് ഭുവി പഠാനെ പിന്നിലാക്കിയത്.
ബാബറിനെ കൂടാതെ ഷദാബ് ഖാന്‍, ആസിഫ് അലി, നസീം ഷാ എന്നിവരുടെ വിക്കറ്റുകളാണ് ഭുവി വീഴ്‌ത്തിയത്. അതേസമയം മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ 148 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. പന്ത് കൊണ്ടും, ബാറ്റ് കൊണ്ടും തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയാണ് കളിയിലെ താരം.
also read: ASIA CUP: സൂപ്പർ പവറായി പാണ്ഡ്യ, അയല്‍പ്പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ