ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന്(31.08.2022) ഹോങ്കോങ്ങിനെ നേരിടും. ദുബായില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ ഹോങ്കോങ്ങിനെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ ഫോറിലേക്ക് മുന്നേറാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയും ഹോങ്കോങ്ങും ഇതേവരെ പരസ്‌പരം ടി20 മത്സരം കളിച്ചിട്ടില്ല. ഹോങ്കോങ്ങിനെതിരെ രണ്ട് ഏകദിനങ്ങൾ കളിച്ച ഇന്ത്യ രണ്ട് മത്സരങ്ങളും ജയിച്ചിട്ടുണ്ട്. 2018 ഏഷ്യ കപ്പിലാണ് ഇന്ത്യ അവസാനമായി ഹോങ്കോങ്ങിനെതിരെ കളിച്ചത്. അന്ന് 26 റൺസിനായിരുന്നു ഇന്ത്യ ജയം പിടിച്ചത്.
മാറ്റമുറപ്പ്: ടി20 ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പരീക്ഷണം തുടരുമെന്ന് നേരത്തെ തന്നെ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ടീമില്‍ മാറ്റം പ്രതീക്ഷിക്കാം. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് റിഷഭ് പന്തിനെ തിരികെയെത്തിച്ച് ദിനേഷ് കാര്‍ത്തികിനെ പുറത്തിരുത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പാകിസ്ഥാനെതിരായ മത്സരത്തില്‍ പന്തിനെ പുറത്തിരുത്തിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ ചര്‍ച്ചകളുണ്ടായിരുന്നു. രവീന്ദ്ര ജഡേജയ്‌ക്കും യുസ്‌വേന്ദ്ര ചഹലിനും വിശ്രമം അനുവദിച്ചാല്‍ ആര്‍ അശ്വിന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും. ജഡേജ കളിക്കുകയാണെങ്കില്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയുള്ള പരീക്ഷണം ഇന്ത്യ തുടര്‍ന്നേക്കും.
ഫോമിലുള്ള ദീപക് ഹൂഡയ്‌ക്ക് അവസരം നല്‍കുമോയെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ലഭിച്ച അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തിയ ഹൂഡ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ്. ഓപ്പണര്‍ കെഎല്‍ രാഹുലിനും മുന്‍ ക്യാപ്‌റ്റന്‍ വിരാട് കോലിക്കും ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഉതകുന്ന മത്സരം കൂടിയാണിത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ നിരാശപ്പെടുത്തിയ സൂര്യകുമാര്‍ യാദവിനും അവസരം മുതലാക്കേണ്ടതുണ്ട്.
പിച്ച് റിപ്പോര്‍ട്ട്: സ്‌ഫോടനാത്മക ബാറ്റിങ്ങിന് വഴങ്ങുന്ന പിച്ചല്ല ദുബായിലേത്. 160-170 റണ്‍സാണ് പതിവായി സ്‌കോര്‍ ചെയ്യപ്പെടുന്നത്. താരതമ്യേന ചെറിയ ബൗണ്ടറി പരമാവധി പ്രയോജനപ്പെടുത്താനാവും ബാറ്റര്‍മാരുടെ ശ്രമം. കൂടുതല്‍ ബൗണ്‍സ് പ്രതീക്ഷിക്കുന്ന പിച്ചില്‍ സ്‌പിന്നര്‍മാര്‍ക്ക് കുറഞ്ഞ പിന്തുണയെ ലഭിക്കു.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്‌റ്റന്‍), കെഎൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാർ, അർഷ്‌ദീപ് സിങ്, ആവേശ് ഖാൻ.
ഹോങ്കോങ്: നിസാക്കത്ത് ഖാൻ (ക്യാപ്‌റ്റന്‍), കിഞ്ചിത് ഷാ, അഫ്‌താബ് ഹുസൈൻ, ഐസാസ് ഖാൻ, അതീഖ് ഇഖ്‌ബാൽ, ബാബർ ഹയാത്ത്, ധനഞ്‌ജയ് റാവു, എഹ്‌സാൻ ഖാൻ, ഹാറൂൺ അർഷാദ്, സ്‌കോട്ട് മക്കെച്‌നി, ഗസൻഫർ മുഹമ്മദ്, മുഹമ്മദ് വഹീദ്, ആയുഷ് ശുക്‌ല, അഹാന്‍ ത്രിവേ, വാജിദ് ഷാ, യാസിം മുർതാസ, സീഷാൻ അലി.
എവിടെ കാണാം: ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴിയും മത്സരം സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.