ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേരെത്തുന്നു. സൂപ്പര്‍ ഫോറിന്‍റെ ഭാഗമായ മത്സരം ദുബായില്‍ രാത്രി 7.30ന് ആരംഭിക്കും. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇരുടീമുകള്‍ മുഖാമുഖമെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസം ഇന്ത്യയ്‌ക്കുണ്ട്. ഈ തോല്‍വിക്ക് കടം വീട്ടാനാവും പാകിസ്ഥാന്‍റെ ശ്രമം.
ഇന്ത്യയെ സംബന്ധിച്ച് നിരവധി പോരായ്‌മകള്‍ പരിഹരിക്കണ്ടതുണ്ട്. ഓപ്പണര്‍ കെഎല്‍ രാഹുലിന്‍റെ മോശം പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നുണ്ട്. പാകിസ്ഥാനെതിരെ പൂജ്യത്തിന് പുറത്തായ രാഹുല്‍, ഹോങ്കോങ്ങിനെതിരായ രണ്ടാം മത്സരത്തില്‍ 39 പന്തില്‍ 36 റണ്‍സാണ് നേടിയത്.
ഇതിനിടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്. ബോളിങ് യൂണിറ്റില്‍ അവേശ് ഖാന്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നതും ടീമിന് ആശങ്കയാണ്. നിലവില്‍ പനി പിടിപെട്ട താരം ഇന്നത്തെ മത്സരത്തിനിറങ്ങിയേക്കില്ല. ഇതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മാറ്റം പ്രതീക്ഷിക്കാം.
ജഡേജയ്‌ക്ക് പകരം അക്‌സര്‍ പട്ടേലിന് അവസരം ലഭിച്ചേക്കും. ആവേശിന് പകരം വെറ്ററന്‍ താരം ആര്‍ അശ്വിന്‍ ടീമിലെത്തിയേക്കാം. വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്തിന് ഇടം ലഭിച്ചേക്കാം. ജഡേജ പുറത്തായതോടെ ഇടംകൈയന്‍ ബാറ്റര്‍ എന്ന നിലയിലാണ് റിഷഭ് പന്ത് പ്ലെയിങ് ഇലവനിലെത്തുക.