ദുബായ് : അന്താരാഷ്‌ട്ര ടി20 കരിയറില്‍ 100ാം മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലിക്ക് അശംസകളറിയിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റര്‍ എബി ഡിവില്ലിയേഴ്‌സ്. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെതിരെയാണ് കോലി തന്‍റെ നൂറാം ടി20 മത്സരം കളിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഡിവില്ലിയേഴ്‌സിന്‍റെ ആശംസയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
'മൂന്ന് ഫോർമാറ്റുകളിലുമായി 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററാവുന്ന അടുത്ത സുഹൃത്ത് വിരാട് കോലിയെ അഭിനന്ദിക്കാൻ ഞാൻ ഈ അവസരത്തിൽ ആഗ്രഹിക്കുന്നു. എന്തൊരു അത്ഭുതകരമായ നേട്ടമാണിത്. വിരാട്, ഞങ്ങളെല്ലാം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. അന്താരാഷ്‌ട്ര തലത്തില്‍ നിങ്ങളുടെ 100ാം ടി20 മത്സരത്തിന് എല്ലാവിധ ആശംസകളും'- എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.