ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് വൻ മുന്നേറ്റം. ബോളർമാരുടെ റാങ്കിങ്ങിൽ സ്‌പിന്നർ ആർ അശ്വിനും, ബാറ്റർമാരുടെ റാങ്കിങ്ങിൽ വിരാട് കോലിയുമാണ് നേട്ടം കൊയ്‌തത്. ബോളർമാരിൽ ആർ അശ്വിൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ അഹമ്മദാബാദിലെ ടെസ്റ്റ് സെഞ്ച്വറിയുടെ മികവിൽ ബാറ്റർമാരുടെ റാങ്കിങ്ങിൽ കോലി എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി.
ഓസ്ട്രേലിയക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 25 വിക്കറ്റുകളായിരുന്നു അശ്വിൻ വീഴ്‌ത്തിയിരുന്നത്. ഈ തകർപ്പൻ പ്രകടനത്തിന്‍റെ പിൻബലത്തിൽ പരമ്പരയ്‌ക്കിടെ തന്നെ അശ്വിൻ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാൽ അന്ന് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സണൊപ്പമായിരുന്നു അശ്വിൻ ഒന്നാം സ്ഥാനം പങ്കിട്ടത്. എന്നാൽ ഇപ്പോൾ പുതിയ റാങ്കിങ്ങിൽ ആൻഡേഴ്‌സണെ പിന്തള്ളി അശ്വിൻ ഒറ്റയ്‌ക്ക് ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.
പുതിയ റാങ്കിങ് പ്രകാരം 869 റേറ്റിങ് പോയിന്‍റാണ് അശ്വിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആൻഡേഴ്‌സണ് 859 റേറ്റിങ് പോയിന്‍റാണുള്ളത്. ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. അതേസമയം പരിക്കിന്‍റെ പിടിയിലായ ജസ്‌പ്രീത് ബുംറ ഒരു സ്ഥാനം നഷ്‌ടപ്പെടുത്തി ഏഴാം സ്ഥാനത്തും, രവീന്ദ്ര ജഡേജ ഒരു സ്ഥാനം നഷ്‌ടപ്പെടുത്തി ഒൻപതാം സ്ഥാനത്തും തുടരുന്നു.
കുതിപ്പുമായി കോലി: ബാറ്റർമാരുടെ റാങ്കിങ്ങിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോലി വലിയ മുന്നേറ്റമാണ് നടത്തിയത്. അഹമ്മദാബാദ് ടെസ്റ്റിലെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ എട്ട് സ്ഥാനങ്ങൾ ഉയർന്ന് 13-ാം റാങ്കിലെത്താൻ കോലിക്കായി. 705 ആണ് കോലിയുടെ റേറ്റിങ് പോയിന്‍റ്. ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 364 പന്തുകളിൽ നിന്ന് 186 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്.