സിഡ്‌നി: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ അവസാന പന്തിൽ ഇന്ത്യ സ്വന്തമാക്കിയ ത്രസിപ്പിക്കുന്ന വിജയത്തിൽ വിരാട് കോലിയോടൊപ്പം തന്നെ അരാധകർ പ്രശംസ കൊണ്ട് മൂടിയ മറ്റൊരു താരമാണ് രവിചന്ദ്രൻ അശ്വിൻ. മത്സരത്തിലെ അവസാന രണ്ട് പന്തുകൾ മാത്രമാണ് താരം നേരിട്ടതെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത് ആ രണ്ട് പന്തുകളായിരുന്നു. അവസാന പന്ത് വൈഡാണെന്ന് തിരിച്ചറിഞ്ഞ് അശ്വിൻ മാറിക്കൊടുത്തതോടെയാണ് കളിയുടെ ഗതി മാറിയത്.
ദിനേഷ് കാർത്തിക് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ അശ്വിൻ അധിക സമ്മർദം ഇല്ലാതെ തന്നെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഇന്ത്യക്ക് വിജയിക്കാൻ രണ്ട് റണ്‍ വേണ്ടിയിരിക്കെ മത്സരത്തിലെ അവസാന പന്ത് വൈഡാണെന്ന് മനസിലാക്കി അശ്വിൻ വഴിമാറിക്കൊടുത്തിരുന്നു. ഇപ്പോഴിതാ, ആ പന്ത് വൈഡാവാതിരുന്നാൽ എന്ത് ചെയ്യുമായിരുന്നു എന്ന ആരാധകന്‍റെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറലായി മാറിയിരിക്കുന്നത്.
‘മുഹമ്മദ് നവാസിന്‍റെ ആ പന്ത് പിച്ച് ചെയ്‌ത ശേഷം കുത്തിത്തിരിഞ്ഞു വന്ന് പാഡിലിടിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്ന് ആരോ എന്നോടു ചോദിച്ചു. എന്തായിരിക്കും എന്‍റെ പ്രതികരണം? മത്സരം പൂർത്തിയാകുന്ന ഉടനെ ഞാൻ ഡ്രസിങ് റൂമിലേക്ക് ഓടും. എന്നിട്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്യും- ‘ക്രിക്കറ്റ് കരിയറിൽ നിങ്ങൾ എനിക്ക് സമ്മാനിച്ച് എല്ലാ മികച്ച നിമിഷങ്ങൾക്കും നന്ദി. വളരെ നല്ലൊരു യാത്രയായിരുന്നു ഇത്’, താരം ചിരിച്ചുകൊണ്ട് പറഞ്ഞു.
അവസാന ഓവർ എറിഞ്ഞ മുഹമ്മദ് നവാസിന്‍റെ വൈഡായി വന്ന പന്ത് മനസിലാക്കാതെ ഷോട്ടിന് മുതിർന്നതോടെയാണ് ദിനേഷ് കാർത്തിക് പുറത്തായത്. ഇതേ പന്ത് തന്നെയാണ് പിന്നാലെ ക്രീസിലെത്തിയ അശ്വിന് നേരെയും നവാസ് പ്രയോഗിച്ചത്. എന്നാൽ പന്തിന്‍റെ ഗതി മനസിലാക്കിയ അശ്വിൻ പന്ത് ലീവ് ചെയ്‌തു. ഇതോടെ മത്സരം സമനിലയിലാവുകയും അടുത്ത പന്തിൽ സിംഗിൾ നേടി അശ്വിൻ ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയുമായിരുന്നു.