കേരളം

kerala

ETV Bharat / sports

അതിവേഗം@450 ; വിക്കറ്റ് വേട്ടയിൽ അനിൽ കുംബ്ലെയെ മറികടന്ന് ആർ അശ്വിൻ - Anil Kumble

ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ഇന്നിങ്‌സിൽ അലക്‌സ് ക്യാരിയുടെ വിക്കറ്റ് വീഴ്‌ത്തിയതോടെയാണ് അശ്വിൻ പുതിയ നേട്ടം സ്വന്തമാക്കിയത്

രവിചന്ദ്രൻ അശ്വിൻ  ആർ അശ്വിൻ  അശ്വിൻ  അശ്വിന് പുതിയ റെക്കോഡ്  ബോർഡർ ഗവാസ്‌കർ ട്രോഫി  450 വിക്കറ്റിട്ട് അശ്വിൻ  Ashwin beats Anil Kumbles record  R Ashwin  Anil Kumble  അനിൽ കുബ്ലയെ മറികടന്ന് ആർ അശ്വിൻ
അനിൽ കുബ്ലയെ മറികടന്ന് ആർ അശ്വിൻ

By

Published : Feb 9, 2023, 7:15 PM IST

നാഗ്‌പൂർ : ടെസ്റ്റ് ക്രിക്കറ്റിൽ പുത്തൻ റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിനിടെ അശ്വിൻ സ്വന്തമാക്കിയത്. മത്സരത്തിൽ അലക്‌സ് ക്യാരിയെ പുറത്താക്കിയതോടെയാണ് അശ്വിൻ പുതിയ നേട്ടം സ്വന്തം പേരിൽ എഴുതിച്ചേർത്തത്.

വെറും 89 മത്സരങ്ങളിൽ നിന്നാണ് അശ്വിൻ 450 വിക്കറ്റുകൾ വീഴ്‌ത്തിയത്. 80 മത്സരങ്ങളിൽ നിന്ന് 450 വിക്കറ്റുകൾ സ്വന്തമാക്കിയ ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഈ നേട്ടത്തിൽ അശ്വിന് മുന്നിലുള്ള ഏക താരം. കൂടാതെ ഇതിഹാസ സ്‌പിന്നർ അനിൽ കുംബ്ലെയ്‌ക്ക് ശേഷം ടെസ്റ്റിൽ 450 വിക്കറ്റുകൾ തികയ്‌ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡും അശ്വിൻ സ്വന്തമാക്കി.

94 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് കുംബ്ലെ 450 വിക്കറ്റുകൾ വീഴ്‌ത്തിയത്. അതിനാൽ അതിവേഗത്തിൽ 450 വിക്കറ്റുകൾ തികയ്‌ക്കുന്ന ഇന്ത്യൻ ബോളർ എന്ന നേട്ടവും അശ്വിൻ സ്വന്തമാക്കി. മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (675), അനില്‍ കുംബ്ലെ (566), സ്റ്റ്യുവർട്ട് ബ്രോഡ് (566), ഗ്ലെന്‍ മഗ്രാത്ത് (563), കോര്‍ട്‌നി വാല്‍ഷ് (519), നഥാന്‍ ലിയോണ്‍ (460) എന്നിവരാണ് വിക്കറ്റ് വേട്ടയിൽ അശ്വിന് മുന്നിലുള്ളവര്‍.

കാത്തിരിക്കുന്ന റെക്കോഡുകൾ : ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോഡും അശ്വിനെ കാത്തിരിക്കുന്നുണ്ട്. നിലവിൽ അനിൽ കുംബ്ലെക്കും, ഹർഭജൻ സിങ്ങിനും പിറകിൽ മൂന്നാം സ്ഥാനത്താണ് അശ്വിൻ. കുംബ്ലെ 20 മത്സരത്തിൽ നിന്ന് 111 വിക്കറ്റുകളും ഹർഭജൻ 18 മത്സരങ്ങളിൽ നിന്ന് 95 വിക്കറ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള അശ്വിന്‍ 19 മത്സരങ്ങളിൽ നിന്ന് 92 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.

ALSO READ:ബോർഡർ- ഗവാസ്‌കർ ട്രോഫി; ആദ്യ ദിനം ഇന്ത്യയ്ക്ക്, രോഹിതിന് അർധ സെഞ്ച്വറി

റെക്കോഡിട്ട് ഷമിയും : അതേസമയം നാഗ്‌പൂർ ടെസ്റ്റിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും പുതിയൊരു നേട്ടം സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 400 വിക്കറ്റുകൾ വീഴ്‌ത്തുന്ന ഒൻപതാമത്തെ താരം എന്ന റെക്കോഡാണ് ഷമി സ്വന്തമാക്കിയത്. മത്സരത്തിൽ ഡേവിഡ് വാർണറുടെ വിക്കറ്റ് വീഴ്‌ത്തിയതോടെയാണ് ഷമി ഈ നേട്ടത്തിലേക്കെത്തിയത്.

61 ടെസ്റ്റുകളിൽ നിന്ന് 217 വിക്കറ്റും, 87 ഏകദിനങ്ങളിൽ നിന്ന് 159 വിക്കറ്റും, 20 ടി20യിൽ നിന്ന് 24 വിക്കറ്റുമാണ് താരം സ്വന്തമാക്കിയത്. 953 വിക്കറ്റുകള്‍ വീഴ്ത്തിയ അനില്‍ കുംബ്ലെയാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. ഹര്‍ഭജന്‍ സിങ് (707), കപില്‍ ദേവ് (687), രവിചന്ദ്ര അശ്വിന്‍ (672), സഹീര്‍ ഖാന്‍ (597), ജവഗല്‍ ശ്രീനാഥ് (551), രവീന്ദ്ര ജഡേജ (482), ഇഷാന്ത് ശര്‍മ (434) എന്നിവരാണ് മുഹമ്മദ് ഷമിക്ക് മുകളിലുള്ള ഇന്ത്യൻ താരങ്ങൾ.

ABOUT THE AUTHOR

...view details