കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്‍റെ (ബിസിസിഐ) വാർഷിക പൊതുയോഗം ഒക്‌ടോബർ 18ന് നടക്കാനിരിക്കെ വിവിധ സംസ്ഥാന അസോസിയേഷനുകളെ പ്രതിനിധീകരിക്കാന്‍ ചില പുതുമുഖങ്ങളും. അഞ്ച് പ്രശസ്‌തരായ വ്യക്തികളുടെ മക്കളാണ് വിവിധ സംസ്ഥാന അസോഷിയേഷനെ പ്രതിനിധീകരിച്ച് വാർഷിക പൊതുയോഗത്തില്‍ പങ്കെടുക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മകൻ വൈഭവ് ഗെലോട്ട് രാജസ്ഥാൻ അംഗമെന്ന നിലയിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുമെന്നും ബോർഡിലെ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
ബിസിസിഐ മുൻ ഉദ്യോഗസ്ഥനായ നിരഞ്ജൻ ഷായുടെ മകൻ ജയദേവ് ഷാ സൗരാഷ്ട്രയെ പ്രതിനിധീകരിക്കും. വിദർഭ ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐയുടേയും ഐസിസിയുടേയും മുൻ മേധാവി ശശാങ്ക് മനോഹറിന്‍റെ മകൻ അദ്വൈത് മനോഹർ പ്രതിനിധീകരിക്കും. ബറോഡ ക്രിക്കറ്റ് അസോസിയേഷൻ ഐപിഎൽ മുന്‍ ചെയർമാൻ ചിരായു അമീന്‍റെ മകൻ പ്രണവ് അമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.