കൊല്‍ക്കത്ത :ക്രിക്കറ്റില്‍ നിന്നും ഇനി വ്യവസായ മേഖലയില്‍ ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി (Sourav Ganguly Planning To Invest In Industrial Industry). ഇതിന്‍റെ ഭാഗമായി പശ്ചിമ ബംഗാളില്‍ മേദിനിപൂരിലെ സാല്‍ബോനിയില്‍ (West Bengal's Midnapore) സ്റ്റീല്‍ ഫാക്‌ടറി ആരംഭിക്കുമെന്നുള്ള പ്രഖ്യാപനം അടുത്തിടെയായിരുന്നു അദ്ദേഹം നടത്തിയത്. ഇതിന് ഇന്ത്യയുടെ മുന്‍ നായകനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
വ്യാവസായിക രംഗത്തേക്ക് സൗരവ് ഗാംഗുലിയുടെ കടന്നുവരവിനെ നിലവില്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ് പിന്തുണയ്‌ക്കുന്നത്. പല പ്രതിപക്ഷ മുന്നണികളും ഇതിനോടകം തന്നെ ഗാംഗുലിയുടെ പ്രഖ്യാപനത്തില്‍ അതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ തന്നെ ഏറ്റവും പ്രമുഖനായ വ്യക്തികളില്‍ ഒരാളാണ് ബംഗാളിലെ ഇടതുപക്ഷ ഭരണകാലത്ത് പിഡബ്ല്യുഡി മന്ത്രിയായിരുന്ന സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യ (Ashok Bhattacharya).
സൗരവ് ഗാംഗുലിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാഷ്‌ട്രീയ നേതാക്കളില്‍ ഒരാളാണ് അശോക് ഭട്ടാചാര്യ. എന്നാല്‍, വ്യക്തിപരമായ ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇരുവരും തമ്മില്‍ പഴയ തരത്തിലുള്ള അടുപ്പമില്ലെന്നും അശോക് ഭട്ടാചാര്യ ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു.
'ഒരു വ്യവസായി എന്ന നിലയിലല്ല, ക്രിക്കറ്റ് താരമെന്ന നിലയിലാണ് എനിക്ക് സൗരവ് ഗാംഗുലിയെ അറിയുന്നത്. രാഷ്‌ട്രീയക്കാരുമായി ഇങ്ങനെ അദ്ദേഹത്തിന് ബന്ധം സ്ഥാപിച്ചെടുക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. മാഡ്രിഡില്‍ നിന്നും താന്‍ കൊല്‍ക്കത്തയില്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്ന ഒരു വ്യാവസായിക സംരംഭത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല, ഇവിടെ നിന്ന് വേണമായിരുന്നു ആ പ്രഖ്യാപനം ഉണ്ടാകേണ്ടിയിരുന്നത്.