ന്യൂഡല്‍ഹി: ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് അവകാശവാദം ഉയര്‍ത്തി നിരവധി യുവതാരങ്ങള്‍ രംഗത്തുള്ളത് സെലക്‌ടര്‍മാര്‍ക്ക് തലവേദനയാകും. സീനിയര്‍ താരങ്ങളെ മാറ്റി നിര്‍ത്തിയപ്പോള്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്തിയാണ് ഇവര്‍ സെലക്‌ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നത്. എന്നാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സാധ്യതയില്ലാത്ത സീനിയര്‍ താരത്തെ പ്രവചിച്ചിരിക്കുകയാണ് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച പരിശീലകന്‍ ആശിഷ് നെഹ്‌റ.
വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്ക് ടി20 ലോകകപ്പില്‍ സാധ്യത കുറവാണെന്നാണ് നെഹ്‌റ പറയുന്നത്. ''ടി20 ലോകകപ്പ് ടീമിനുള്ള പദ്ധതികളില്‍ നിലവില്‍ ഷമി ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരു ബൗളർ എന്ന നിലയിൽ മികച്ച കഴിവുള്ള താരമാണ് ഷമി. ടി20 ലോകകപ്പില്‍ യുവ കളിക്കാർക്ക് അവസരം നൽകുകയാണെങ്കില്‍, അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് അവനെ പരിഗണിക്കാവുന്നതാണ്'', നെഹ്റ ക്രിക് ബസിനോട് പറഞ്ഞു.