ഹെഡിങ്‌ലി :ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ ഏറിഞ്ഞ് ഒതുക്കി ഇംഗ്ലണ്ട്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 60.4 ഓവറിൽ 263 റണ്‍സിന് ഓൾഔട്ട് ആയി. ഒരു ഘട്ടത്തിൽ കൂട്ട തകർച്ച നേരിട്ട ഓസ്‌ട്രേലിയ മിച്ചൽ മാർഷിന്‍റെ അതിവേഗ സെഞ്ച്വറിയുടെ പിൻബലത്തിലാണ് പൊരുതാവുന്ന നിലയിലേക്ക് എത്തിയത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ മാർഷ് 118 പന്തിൽ 118 റണ്‍സ് നേടിയാണ് പുറത്തായത്.
ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയയ്‌ക്ക് ഓപ്പണർ ഡേവിഡ് വാർണറെ തുടക്കത്തിൽ തന്നെ നഷ്‌ടമായിരുന്നു. നാല് റണ്‍സ് നേടിയ താരത്തെ സ്റ്റുവർട്ട് ബ്രോഡാണ് പുറത്താക്കിയത്. ടെസ്റ്റ് കരിയറിൽ 16-ാം തവണയാണ് വാർണർ ബ്രോഡിന് ഇരയാകുന്നത്. ഇതോടെ ആക്‌ടീവ് ക്രിക്കറ്റര്‍മാരില്‍ ഒരു ബാറ്ററെ ഏറ്റവുമധികം തവണ പുറത്താക്കുന്ന ബോളർ എന്ന റെക്കോഡും ബ്രോഡ് തന്‍റെ പേരിൽ എഴുതിച്ചേർത്തു.
വാർണർക്ക് പിന്നാലെ ഉസ്‌മാൻ ഖവാജയെയും ഓസീസിന് നഷ്‌ടമായി. 13 റണ്‍സ് നേടിയ താരത്തെ മാർക്ക് വുഡ് ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ മാർനസ് ലെബുഷെയ്‌നിനും (21), 100-ാം ടെസ്റ്റ് കളിക്കാനെത്തിയ സ്റ്റീവ് സ്‌മിത്തിനും (22) അധിക നേരം പിടിച്ച് നിൽക്കാനായില്ല. ഇതോടെ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്‌ടത്തിൽ 85 റണ്‍സ് എന്ന നിലയിലേക്ക് വീണു.
അടിച്ചൊതുക്കി മാർഷ് : എന്നാൽ തുടർന്നിറങ്ങിയ ട്രാവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് ഓസ്‌ട്രേലിയയെ മെല്ലെ കരകയറ്റി. ട്രാവിസ് ഹെഡ് ഒരു വശത്ത് നിലയുറപ്പിച്ച് കളിച്ചപ്പോൾ മിച്ചൽ മാർഷ് ഏകദിന ശൈലിയിൽ ആഞ്ഞടിക്കുകയായിരുന്നു. തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച മാർഷ് 59 പന്തിൽ അർധ സെഞ്ച്വറിയിലെത്തി. പിന്നാലെ 102 പന്തിൽ സെഞ്ച്വറിയും പൂർത്തിയാക്കി.
അഞ്ചാം വിക്കറ്റിൽ വിലപ്പെട്ട 155 റണ്‍സാണ് മാർഷ്- ഹെഡ് സഖ്യം കൂട്ടിച്ചേർത്തത്. ടീം സ്‌കോർ 240ൽ നിൽക്കെ മാർഷിനെ പുറത്താക്കി ക്രിസ് വോക്‌സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 118 പന്തിൽ നിന്ന് 17 ഫോറിന്‍റെയും നാല് സിക്‌സിന്‍റെയും അകമ്പടിയോടെയാണ് മാർഷ് 118 റണ്‍സ് നേടിയത്. മിച്ചൽ മാർഷ് വീണതോടെ ഓസ്‌ട്രേലിയയും വീണു. മാർഷിന് പിന്നാലെ ട്രാവിസ് ഹെഡും (39) പുറത്തായി.
തുടർന്നെത്തിയ അലക്‌സ് ക്യാരി (8), മിച്ചൽ സ്റ്റാർക്ക് (2) പാറ്റ് കമ്മിൻസ് (2) ടോഡ് മൂഡി (13) എന്നിവരെ നിരനിരയായി കൂടാരം കയറ്റി ഇംഗ്ലീഷ് ബോളർമാർ ഓസീസ് ഇന്നിങ്‌സിന് തിരശ്ശീലയിടുകയായിരുന്നു. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് അഞ്ച് വിക്കറ്റ് വീഴത്തിയപ്പോൾ ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റും സ്റ്റുവർട്ട് ബ്രോഡ് രണ്ട് വിക്കറ്റും നേടി.
ALSO READ :Ashes 2023 | മൂന്നാം ടെസ്റ്റിൽ പിടിമുറുക്കാൻ ഇംഗ്ലണ്ട് ; ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്‌ടം