ഹെഡിങ്‌ലി : ആഷസ് മൂന്നാം ടെസ്റ്റിന് ഹെഡിങ്‌ലിയിൽ തുടക്കം. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു. നിലവിൽ 50 റണ്‍സ് പിന്നിട്ടപ്പോൾ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റുകൾ നഷ്‌ടമായിട്ടുണ്ട്. ഓപ്പണർമാരായ ഡേവിഡ് വാർണർ (4) ഉസ്‌മാൻ ഖവാജ (13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായത്.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ ജയം നേടിയ ഓസ്‌ട്രേലിയ മൂന്നാം മത്സരത്തിൽ വിജയത്തോടെ പരമ്പര സ്വന്തമാക്കാനാണ് ഇന്നിറങ്ങുന്നത്. മറുവശത്ത് ഇനിയുള്ള മത്സരങ്ങൾ വിജയിച്ച് അട്ടിമറിയോടെ പരമ്പര പിടിച്ചെടുക്കാനാകും ഇംഗ്ലണ്ടിന്‍റെ ശ്രമം.
ഓസീസ് നിരയിൽ സൂപ്പർ താരം സ്റ്റീവ് സ്‌മിത്തിന്‍റെ 100-ാം ടെസ്റ്റ് മത്സരം കൂടിയാണിന്ന്. നിരവധി മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. ഓസ്‌ട്രേലിയ, കാമറൂണ്‍ ഗ്രീൻ, ജോഷ് ഹേസൽവുഡ്, നാഥൻ ലയോണ്‍ എന്നിവർക്ക് പകരം മിച്ചൽ മാർഷ്, ടോഡ് മർഫി, സ്‌കോട്ട് ബോളണ്ട് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.
ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയതോടെ കാര്യമായ പൊളിച്ചെഴുത്തുമായാണ് ഇംഗ്ലണ്ട് ഇന്നത്തെ മത്സരത്തിനിറങ്ങിയത്. പരിക്കേറ്റ ബാറ്റർ ഒലി പോപ്പിനെ ഒഴിവാക്കിയപ്പോൾ പേസ് ബോളർമാരായ ജയിംസ് ആൻഡേഴ്സനും ജോഷ് ടങ്ങിനും വിശ്രമം അനുവദിച്ചു. ഓൾ റൗണ്ടർമാരായ മോയിൻ അലി, ക്രിസ് വോക്‌സ്, പേസ് ബോളർ മാർക് വുഡ് എന്നിവരെ പകരം ആദ്യ ഇലവനിൽ ഉൾപ്പെടുത്തി.
അതേസമയം കഴിഞ്ഞ മത്സരത്തിൽ ടെസ്റ്റിൽ അരങ്ങേറിയ ജോഷ് ടങ്ങിന് വിശ്രമം അനുവദിച്ച തീരുമാനം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റിൽ ജോഷ് ടങ് ആദ്യ ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റുകളും രണ്ടാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റുകളും നേടിയിരുന്നു.
റണ്ണൗട്ടിൽ വിവാദം : അതേസമയം ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയുടെ റണ്‍ ഔട്ടിനെച്ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്. ബെയർസ്റ്റോയുടെ റണ്ണൗട്ടിനെ വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും, റണ്ണൗട്ടിനെ ന്യായീകരിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും രംഗത്തെത്തിയിരുന്നു.
തർക്കം കൊഴുത്തതോടെ മൂന്നാം ടെസ്റ്റിന് ആധിക സുരക്ഷ വേണമെന്നും ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിരുന്നു. വിക്കറ്റിനെച്ചൊല്ലി ആരാധകർ തമ്മിലും കൊമ്പുകോർത്തിരുന്നു. അതേസമയം ഓസീസ് കീപ്പര്‍ ചെയ്‌തത് നിയമത്തിനുള്ളില്‍ നിന്നാണെന്നും അതുകൊണ്ട് അതിനെ ക്രിക്കറ്റിന്‍റെ മാന്യതയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നുമാണ് ക്രിക്കറ്റ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ :സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), ബെൻ സ്റ്റോക്‌സ് (കീപ്പർ), മൊയീൻ അലി, ക്രിസ് വോക്‌സ്, മാർക്ക് വുഡ്, ഒല്ലി റോബിൻസൺ, സ്റ്റുവർട്ട് ബ്രോഡ്.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവൻ :ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലബുഷെയ്‌ൻ, സ്റ്റീവ് സ്‌മിത്ത്, ട്രാവിന് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), മിച്ചൽ സ്റ്റാർക്ക്, ടോഡ് മോർഫി, സ്‌കോട്ട് ബോളണ്ട്.