എഡ്‌ജ്‌ബാസ്റ്റണ്‍ :ആവേശോജ്വലമായ ആഷസ് (Ashes Test) പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഓസ്‌ട്രേലിയ. ഏകദിന പോരാട്ടത്തെ അനുസ്‌മരിപ്പിക്കും വിധം ഇരു കൂട്ടരും പോരാടിയ മത്സരത്തിൽ അവസാന ദിനം പാറപോലെ ഉറച്ചുനിന്ന നായകൻ പാറ്റ് കമ്മിൻസാണ് (Pat Cummins) ഓസീസിന് സ്വപ്‌ന വിജയം നേടിക്കൊടുത്തത്. രണ്ടാം ഇന്നിങ്‌സിൽ 281 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 92.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.
പൊരുതി നിന്ന ഉസ്‌മാൻ ഖവാജയെ (65) മടക്കി ഒരു ഘട്ടത്തിൽ വിജയിക്കുമെന്ന പ്രതീതി തീർക്കാൻ ഇംഗ്ലണ്ടിനായിരുന്നു. എന്നാൽ ഒൻപതാം വിക്കറ്റിൽ നായകൻ പാറ്റ് കമ്മിൻസും (44), നഥാൻ ലിയോണും (16) നേടിയ 55 റണ്‍സിന്‍റെ കൂട്ടുകെട്ട് ഇംഗ്ലണ്ടിന്‍റെ സ്വപ്‌നങ്ങൾ തകർത്തെറിയുകയായിരുന്നു. ഒന്നാം ഇന്നിങ്‌സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സിൽ അർധ സെഞ്ച്വറിയും നേടിയ ഉസ്‌മാൻ ഖവാജയാണ് കളിയിലെ താരം.സ്കോർ : ഇംഗ്ലണ്ട് 393/8, 273, ഓസ്ട്രേലിയ 386, 282/8.
അപ്രതീക്ഷിതമായെത്തിയ മഴ കാരണം മോർണിങ് സെഷൻ മൂന്ന് മണിക്കൂറിലേറെ നഷ്‌ടമായതിനാൽ അവസാന ദിനം മത്സരം 67 ഓവറാക്കി ചുരുക്കിയിരുന്നു. ഇത് മുതലാക്കി കങ്കാരുപ്പടയെ എറിഞ്ഞൊതുക്കാം എന്ന വിശ്വാസത്തിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ ഒരു വശത്ത് ഉസ്‌മാൻ ഖവാജ ഇംഗ്ലണ്ടിന് വെല്ലുവിളി തീർത്തുകൊണ്ടിരുന്നു. അഞ്ചാം ദിനത്തിന്‍റെ തുടക്കത്തിൽ തന്നെ നൈറ്റ് വാച്ച്‌മാനായി ക്രീസിലെത്തിയ സ്‌കോട്ട് ബോളണ്ടിനെ (40 പന്തിൽ 20) ഓസ്‌ട്രേലിയക്ക് നഷ്‌ടമായിരുന്നു.
തുടർന്ന് ക്രീസിലെത്തിയ ട്രാവിസ് ഹെഡ് (24 പന്തിൽ 16) ശ്രദ്ധയോടെ ബാറ്റ് വീശിയെങ്കിലും താരത്തിനും അധികം ആയുസുണ്ടായിരുന്നില്ല. മൊയിൻ അലി എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകൾ ബൗണ്ടറി കടത്തിയ ഹെഡ് മൂന്നാം പന്തിൽ പുറത്താവുകയായിരുന്നു. ഇതോടെ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 143 റണ്‍സ് എന്ന നിലയിലായി. തുടർന്നെത്തിയ കാമറൂണ്‍ ഗ്രീനും പ്രതിരോധത്തിലൂന്നി കളിച്ചു. ഖവാജ- ഗ്രീൻ സഖ്യം മികച്ച രീതിയിൽ ഓസീസിനെ മുന്നോട്ട് നയിച്ചു.
എന്നാൽ ടീം സ്‌കോർ 192 ൽ നിൽക്കെ ഗ്രീനിനെയും ഓസ്‌ട്രേലിയക്ക് നഷ്‌ടമായി. 66 പന്തിൽ 28 റണ്‍സെടുത്ത താരത്തെ ഒലീ റോബിൻസണ്‍ പുറത്താക്കുകയായിരുന്നു. ടീം സ്‌കോർ 200 കടന്നതിന് തൊട്ട് പിന്നാലെ ഖവാജയേയും ഓസ്‌ട്രേലിയക്ക് നഷ്‌ടമായി. നായകൻ ബെൻ സ്റ്റോക്‌സ് തന്നെയാണ് അപകടകാരിയായ ഖവാജയെ പുറത്താക്കി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകിയത്. ഇതോടെ ഇംഗ്ലണ്ട് വിജയമുറപ്പിച്ചു. എന്നാൽ തുടർന്ന് ക്രീസിലെത്തിയ നായകൻ പാറ്റ് കമ്മിൻസ് ഇംഗ്ലണ്ടിന്‍റെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തുകയായിരുന്നു.
ഇതിനിടെ ടീം സ്‌കോർ 227ൽ നിൽക്കെ അലക്‌സ് ക്യാരിയെ ഇംഗ്ലണ്ടിന് നഷ്‌ടമായെങ്കിലും കമ്മിൻസ് പതറാതെ മുന്നോട്ട് നീങ്ങി. ജോ റൂട്ട് എറിഞ്ഞ 83-ാം ഓവറിൽ രണ്ട് സിക്‌സുകളാണ് കമ്മിൻസ് പറത്തിയത്. ഒടുവിൽ മത്സരം തീരാൻ 27 പന്തുകൾ ബാക്കി നിൽക്കെ ഒലീ റോബിൻസണെ ബൗണ്ടറി കടത്തി കമ്മിൻസ് ഓസ്‌ട്രേലിയക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഒലീ റോബിൻസണ്‍ രണ്ടും മൊയിൻ അലി, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ് എന്നിവർ ഓരോ വിക്കറ്റും നേടി.