അഡ്‌ലെയ്‌ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. പാറ്റ് കമ്മിൻസിന് പകരം സ്റ്റീവ് സ്‌മിത്താണ് ഓസീസ് നിരയെ നയിക്കുന്നത്. കൊവിഡ് രോഗിക്കൊപ്പം സമ്പർക്കം പുലർത്തിയതിനാലാണ് കമ്മിൻസിന് മത്സരം നഷ്‌ടമായത്. ഇതോടെ സഹനായകനായ സ്‌മിത്തിന് നറുക്കുവീഴുകയായിരുന്നു.
2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ടതോടെയാണ് സ്‌മിത്തിനെ ഓസീസിന്‍റെ നായക സ്ഥാനത്തുനിന്ന് നീക്കം ചെയ്‌തത്. കൂടാതെ രണ്ട് വർഷത്തേയ്‌ക്ക് താരത്തിന് വിലക്കും ലഭിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് വിലക്കിന്‍റെ കാലവധി അവസാനിച്ച് താരം മത്സര രംഗത്തേക്ക് തിരിച്ചെത്തിയത്.
കമ്മിൻസിന്‍റെ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും ഏഴ് ദിവസം ക്വാറന്‍റൈനിൽ കഴിയാനാണ് മെഡിക്കൽ ടീമിന്‍റെ നിർദേശം. മൈക്കൽ നെസറാണ് കമ്മിൻസിന് പകരക്കാരനായി ടീമിൽ ഇടം നേടിയത്. അതേസമയം രണ്ട് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് ടീം ഇന്ന് കളിത്തിലിറങ്ങുന്നത്. മാർക്ക് വുഡ്, ജാക്ക് ലീച്ച് എന്നിവർക്ക് പകരം സീനിയർ താരങ്ങളായ സ്റ്റുവർട്ട് ബ്രോഡും, ജെയിംസ് ആൻഡേഴ്‌സണും ടീമിൽ ഇടം നേടി. സ്‌പിന്നർമാരില്ലാതെയാണ് ഇംഗ്ലണ്ട് ഇന്ന് മത്സരത്തിനിറങ്ങുന്നത്.