എഡ്‌ജ്ബാസ്റ്റണ്‍:ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുന്ന ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് വെള്ളിയാഴ്‌ച എഡ്‌ജ്ബാസ്റ്റണിൽ തുടക്കമായിരിക്കുകയാണ്. ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനത്തില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 393 റണ്‍സിന് ഏറെ നാടകീയമായി ഡിക്ലയര്‍ ചെയ്‌തിരുന്നു. സെഞ്ചുറി പിന്നിട്ട ജോ റൂട്ടും (152 പന്തില്‍ 118) ഒല്ലി റോബിന്‍സണും (31 പന്തില്‍ 17) ക്രീസില്‍ നില്‍ക്കെയാണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്‍റെ തീരുമാനമുണ്ടായത്.
സ്റ്റോക്‌സിന്‍റെ ഈ തീരുമാനത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ മൈക്കൽ വോൺ. താനായിരുന്നു ക്യാപ്റ്റനെങ്കില്‍ ഇത്തരത്തില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യില്ലെന്നാണ് മൈക്കൽ വോൺ പറയുന്നത്.
"ഞാനായിരുന്നുവെങ്കിലും ഒരിക്കലും ആ സമയത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യിലായിരുന്നു. കാരണം ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. ഇതുവരെ ഒരു ടീമും നല്‍കാത്ത സന്ദേശമാണ് ഇംഗ്ലണ്ട് നല്‍കാന്‍ ശ്രമിക്കുന്നത്. ഒരു ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് കുറച്ച് റൺസ് കൂടി വേണമായിരുന്നു. പ്രത്യേകിച്ച് സെഞ്ചുറി നേടിയ ജോ റൂട്ട് ക്രിസില്‍ നില്‍ക്കെ. ഇംഗ്ലണ്ടിന് വിക്കറ്റ് കിട്ടിയില്ലെങ്കില്‍ എന്താവും സംഭവിക്കുക", മൈക്കൽ വോൺ പറഞ്ഞു.
ആദ്യ ആഷസ് ടെസ്റ്റിന്‍റെ ഉദ്ഘാടന ദിനത്തിലെ സ്റ്റോക്‌സിന്‍റെ പ്രഖ്യാപനം ക്രിക്കറ്റ് പാരമ്പര്യവാദികളെ ഞെട്ടിച്ചുവെങ്കിലും തനിക്ക് അതില്‍ ഒരു അത്ഭുതവും തോന്നിയിട്ടില്ലെന്നാണ് സഹതാരം ജോണി ബെയർസ്റ്റോ പ്രതികരിച്ചത്. "കമന്‍റേറ്റർമാരെയും മറ്റ് ആളുകളെയും ആശ്ചര്യപ്പെടുത്തുന്ന നിരവധി തീരുമാനങ്ങൾ ബെൻ എടുത്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, ഈ തീരുമാനത്തില്‍ ഞങ്ങൾക്ക് അതിശയമില്ല", ജോണി ബെയർസ്റ്റോ പറഞ്ഞു.