ബ്രിസ്‌ബെയ്ന്‍: ഗാബയിലെ ഒന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ വിജയം. ഒരു ദിനം ബാക്കി നല്‍ക്കെ ഒമ്പത് വിക്കറ്റിനാണ് ഓസീസ് ജയം പിടിച്ചത്. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 20 റണ്‍സിന്‍റെ വിജയ ലക്ഷ്യം ആറാം ഓവറിന്‍റെ ആദ്യ പന്തിലാണ് ഓസീസ് നേടിയത്.
ഒമ്പത് റണ്‍സെടുത്ത അലക്‌സ് കാരിയുടെ വിക്കറ്റാണ് അതിഥേയര്‍ക്ക് നഷ്ടമായത്. മാര്‍കസ് ഹാരിസ് ഒമ്പത് റണ്‍സെടുത്ത് വിജയമുറപ്പിച്ചു. ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണാണ് വിക്കറ്റ് വീഴ്‌ത്തിയത്. സ്‌കോര്‍: ഇംഗ്ലണ്ട്- 147/297, ഓസ്‌ട്രേലിയ- 425, 20/1.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 220 എന്ന നിലയില്‍ നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ഓസീസ് 297 റണ്‍സിന് പുറത്താക്കി. ഇതോടെ ആദ്യ ഇന്നിങ്സില്‍ 425 റണ്‍സ് നേടിയ ഓസീസിനെതിരെ 19 റണ്‍സിന്‍റെ ലീഡ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് ലഭിച്ചത്.
ജോറൂട്ട് (89) ഡേവിഡ് മലാന്‍ (82) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന്‍റെ ടോട്ടലില്‍ നിര്‍ണായകമായത്. ഹസീബ് ഹമീദ് (27), റോറി ബേണ്‍സ് (13), ബെന്‍ സ്റ്റോക്‌സ് (14), ജോസ് ബട്ട്‌ലര്‍ (23), ക്രിസ് വോക്‌സ് (16) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.
ഓസീസിനായി നഥാന്‍ ലിയോണ്‍ 34 ഓവറില്‍ 91 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. കാമറൂണ്‍ ഗ്രീന്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. മിച്ചല്‍ സ്‌റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
ആദ്യ ഇന്നിങ്സില്‍ ട്രാവിസ് ഹെഡിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഓസീസിന് കരുത്തായത്. 148 പന്തില്‍ 152 റണ്‍സാണ് താരം അടിച്ചെടുത്തെത്. 94 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 74 റണ്‍സെടുത്ത മാർനസ് ലാബുഷാഗ്നെയും തിളങ്ങി.
വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഓസീസ് മുന്നിലെത്തി. ഡിസംബര്‍ 16 മുതല്‍ 20 വരെ രണ്ടാം ടെസ്റ്റും , 26 മുതല്‍ 30 വരെ മൂന്നാം ടെസ്റ്റും നടക്കും. ജനുവരി അഞ്ച് മുതല്‍ക്ക് ഒമ്പത് വരെ നാലാം ടെസ്റ്റ് നടക്കുമ്പോള്‍ ജനുവരി 14നാണ് ആവസാന ടെസ്റ്റ് ആരംഭിക്കുക.