എഡ്‌ജ്‌ബാസ്റ്റണ്‍:ആഷസ് (Ashes) ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ഇംഗ്ലണ്ടിനായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് സൂപ്പര്‍ താരം ജോ റൂട്ട് (Joe Root) പുറത്തെടുത്തത്. നാലാമനായി ക്രീസിലെത്തിയ മുന്‍ ഇംഗ്ലീഷ് നായകന്‍ മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു. റൂട്ടിന്‍റെ ശതകമാണ് ഒന്നാം ദിനത്തില്‍ തന്നെ ഇംഗ്ലണ്ടിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യിക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നത്.
ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ മുപ്പതാം സെഞ്ച്വറിയാണ് ജോ റൂട്ട് ഇന്നലെ പൂര്‍ത്തിയാക്കിയത്. 145 പന്ത് നേരിട്ടായിരുന്നു താരം സെഞ്ച്വറിയിലേക്ക് എത്തിയത്. 152 പന്തില്‍ 118 റണ്‍സ് നേടി റൂട്ട് തകര്‍ത്തടിക്കവെയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് തങ്ങളുടെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്‌തത്.
ഏഴ് ഫോറും നാല് സിക്‌സും അടങ്ങിയതായിരുന്നു ഇംഗ്ലീഷ് സൂപ്പര്‍ താരത്തിന്‍റെ ഇന്നിങ്‌സ്. ഓസീസ് ബോളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് റണ്‍സ് നേടാന്‍ ജോ റൂട്ടിന് സാധിച്ചു. അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളിലൂടെയെല്ലാമായിരുന്നു റൂട്ട് മത്സരത്തില്‍ റണ്‍സ് നേടിയത്.
ഓസ്‌ട്രേലിയക്കെതിരായ ഈ സെഞ്ച്വറിയോടെ ടെസ്‌റ്റ് ക്രിക്കറ്റില്‍ 30 സെഞ്ച്വറികള്‍ പിന്നിടുന്ന രണ്ടാമത്തെ താരമായും ജോ റൂട്ട് മാറി. ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്ക് ആണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം. ഇംഗ്ലീഷ് കുപ്പായത്തില്‍ 161 മത്സരം കളിച്ച കുക്ക് 33 സെഞ്ച്വറി നേടിയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്.