എഡ്‌ജ്‌ബാസ്റ്റണ്‍:ആഷസ് (Ashes) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ട് (England) പുറത്തെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആതിഥേയര്‍ക്ക് ഓപ്പണര്‍ സാക് ക്രാവ്‌ലി തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചു. തുടക്കത്തില്‍ ബെന്‍ ഡക്കറ്റിനെ നഷ്‌ടമായെങ്കിലും അതൊന്നും വകവയ്‌ക്കാതെയാണ് ക്രാവ്‌ലി ഇംഗ്ലണ്ടിന്‍റെ സ്‌കോര്‍ ഉയര്‍ത്തിയത്.
നാലാം ഓവറിന്‍റെ നാലാം പന്തില്‍ സ്‌കോര്‍ 22 ല്‍ നില്‍ക്കെയാണ് ഇംഗ്ലണ്ടിന് ബെന്‍ ഡക്കറ്റിനെ (12) നഷ്‌ടമാകുന്നത്. പിന്നീട് ഒലീ പോപ്പും സാക് ക്രവ്‌ലിയും ചേര്‍ന്ന് ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ സ്‌കോര്‍ 92ല്‍ നില്‍ക്കെ പോപ്പിനെയും 124ല്‍ നില്‍ക്കെ ക്രവ്‌ലിയേയും ഇംഗ്ലണ്ടിന് നഷ്‌ടമായി.
പിന്നീട്, സൂപ്പര്‍ താരം ജോ റൂട്ടിന്‍റെ തോളിലേറിയായിരുന്നു ഇംഗ്ലണ്ടിന്‍റെ കുതിപ്പ്. അതിനിടെ അഞ്ചാമനായി ക്രീസിലെത്തിയ ഹാരി ബ്രൂക്കും (Harry Brook) ടീമിന് ഭേദപ്പെട്ട സംഭാവന നല്‍കി. മികച്ച രീതിയിലായിരുന്നു ബ്രൂക്ക് ഇന്നിങ്‌സ് ആരംഭിച്ചത്.
Also Read :Ashes 2023 | ടെസ്‌റ്റ് ക്രിക്കറ്റില്‍ മുപ്പതാം സെഞ്ച്വറി, ഇംഗ്ലണ്ടിന്‍റെ എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ച് ജോ റൂട്ട്
എന്നാല്‍, നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ബ്രൂക്കിന് തിരികെ കൂടാരം കയറേണ്ടി വന്നത്. 37 പന്തില്‍ 32 റണ്‍സെടുത്ത താരം, നാഥന്‍ ലിയോണ്‍ പന്തെറിയാനെത്തിയ 38-ാം ഓവറില്‍ വിക്കറ്റ് ആകുകയായിരുന്നു. അസാധാരണമായൊരു രീതിയിലാണ് ബ്രൂക്ക് പുറത്തായത്.
38-ാം ഓവറിന്‍റെ രണ്ടാം പന്തിലായിരുന്നു ഹാരി ബ്രൂക്കിന്‍റെ വിചിത്രമായ പുറത്താകല്‍. നാഥന്‍ ലിയോണ്‍ എറിഞ്ഞ പന്ത് മികച്ച രീതിയില്‍ ബാറ്റ് വീശിയിരുന്ന ബ്രൂക്കിന്‍റെ തുടയില്‍ ഇടിച്ചുയര്‍ന്നു. വായുവില്‍ ഉയര്‍ന്ന് പൊങ്ങിയ പന്ത് എവിടെ ആയിരുന്നുവെന്ന് ഓസീസ് താരങ്ങളും ഇംഗ്ലീഷ് ബാറ്ററും ആദ്യം മനസിലാക്കിയിരുന്നില്ല.
പക്ഷേ, പന്ത് ക്രീസിനുള്ളില്‍ ഉണ്ടായിരുന്ന ബ്രൂക്കിനും സ്റ്റമ്പിനും ഇടയിൽ വീണു. പിന്നാലെ ബ്രൂക്കിന്‍റെ കാലുകളില്‍ തട്ടിയ പന്ത് സ്റ്റമ്പില്‍ ഇടിക്കുകയായിരുന്നു. 'പല തരത്തിലുള്ള പുറത്താകലുകള്‍ താന്‍ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരെണ്ണം കാണുന്നത് ആദ്യമാണ്' എന്നായിരുന്നു കമന്‍ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ് പറഞ്ഞത്.
ബ്രൂക്ക് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് വേഗംത്തില്‍ മടങ്ങി. എട്ട് പന്തില്‍ ഒരു റണ്‍ മാത്രമാണ് സ്റ്റോക്‌സ് നേടിയത്. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോ റൂട്ടും വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയും ചേര്‍ന്നാണ് പിന്നീട് ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തിയത്.
ഇരുവരും ചേര്‍ന്ന് 121 റണ്‍സിന്‍റെ കൂട്ടുകെട്ടും ഉണ്ടാക്കിയിരുന്നു. 78 പന്തില്‍ 78 റണ്‍സ് നേടിയ ബെയര്‍സ്റ്റോ 62-ാം ഓവറില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 297ല്‍ നില്‍ക്കെയാണ് ബെയര്‍സ്റ്റോ പുറത്തായത്. പിന്നാലെ ജോ റൂട്ട് ടെസ്റ്റ് കരിയറിലെ മുപ്പതാം സെഞ്ച്വറിയും പൂര്‍ത്തിയാക്കി.
ഇംഗ്ലണ്ട് 78 ഓവറില്‍ 393-8 എന്ന നിലയില്‍ നില്‍ക്കെയാണ് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തത്. പിന്നാലെ ആദ്യ ദിനം തന്നെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ നാലോവറില്‍ 14 റണ്‍സും നേടിയിരുന്നു.
Also Read :Ashes 2023 | ആദ്യ ദിനം 'ജോ'റാക്കി ഇംഗ്ലണ്ട്, നാടകീയമായി ഡിക്ലയറിങ്; രണ്ടാം ദിനത്തില്‍ മേല്‍ക്കൈ നേടാന്‍ കങ്കാരുപ്പട