എഡ്‌ജ്‌ബാസ്റ്റണ്‍:ആഷസ് (Ashes) പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ നാലാം ദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ (Australia) ആതിഥേയരായ ഇംഗ്ലണ്ട് (England) ലക്ഷ്യം വയ്‌ക്കുന്നത് വമ്പന്‍ ലീഡ്. ഇന്നലെ (ജൂണ്‍ 18) രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 10.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 28 റണ്‍സ് നേടിയിട്ടുണ്ട്. നിലവില്‍ ഇംഗ്ലീഷ് പടയ്‌ക്ക് 35 റണ്‍സിന്‍റെ ലീഡാണ് ഉള്ളത്. ഒലീ പോപ്പ് (0), ജോ റൂട്ട് (0) എന്നിവരാണ് ക്രീസില്‍.
311-5 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്ക് ഇന്നലെ 75 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ സാധിച്ചുള്ളൂ. ഓസീസ് ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജയും (Usman Khawaja) , വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് ക്യാരിയുമായിരുന്നു (Alex Carry) ഈ സമയം ക്രീസിലുണ്ടായിരുന്നത്. മത്സരം ആരംഭിച്ചതിന് പിന്നാലെ തന്നെ കങ്കാരുപ്പടയ്‌ക്ക് ക്യാരിയെ നഷ്‌ടമായിരുന്നു.
ഇംഗ്ലണ്ടിന്‍റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് അര്‍ധസെഞ്ച്വറി നേടിയ ക്യാരിയെ (66) പുറത്താക്കിയത്. ക്യാരി പുറത്താകുമ്പോള്‍ 338 റണ്‍സായിരുന്നു ഓസീസ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നാലെ എത്തിയ നായകന്‍ പാറ്റ് കമ്മിന്‍സിനെ (Pat Cummins) കൂട്ടുപിടിച്ചാണ് ഉസ്‌മാന്‍ ഖവാജ പിന്നീട് ഓസീസ് സ്‌കോര്‍ ഉയര്‍ത്തിയത്.
എന്നാല്‍, മത്സരത്തിന്‍റെ 113-ാം ഓവറില്‍ ഉസ്‌മാന്‍ ഖവാജയെ ഓസ്‌ട്രേലിയക്ക് നഷ്‌ടമായി. റോബിന്‍സണ്‍ ആയിരുന്നു ഖവാജയുടെ വിക്കറ്റ് പിഴുതത്. 141 റണ്‍സ് നേടിയ ഖവാജ പുറത്തായതോടെ 372-7 എന്ന നിലയിലേക്ക് ഓസീസ് വീണു.
തുടര്‍ന്നെത്തിയവര്‍ക്കൊന്നും ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. നാഥന്‍ ലിയോണ്‍ (1), സ്‌കോട്ട് ബോളണ്ട് (0), പാറ്റ് കമ്മിന്‍സ് (38) എന്നിവരുടെ വിക്കറ്റുകളും നഷ്‌ടമായതോടെ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് പോരാട്ടം 386 റണ്‍സില്‍ അവസാനിച്ചു.
ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡും (Stuart Broad) ഒലീ റോബിന്‍സണും (Ollie Robinson) മൂന്ന് വിക്കറ്റ് വീതം നേടിയിരുന്നു. മൊയീന്‍ അലി (Moeen Ali) രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ (James Anderson) ബെന്‍ സ്റ്റോക്‌സ് (Ben Stokes) എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഓസ്‌ട്രേലിയ 386 റണ്‍സില്‍ ഓള്‍ ഔട്ട് ആയതോടെ ഏഴ് റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ചത്. ഭേദപ്പെട്ട രീതിയില്‍ തന്നെ ബാറ്റിങ് തുടങ്ങാനും അവര്‍ക്കായിരുന്നു. എന്നാല്‍, 6.5 ഓവറില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 26ല്‍ നില്‍ക്കെ രസംകൊല്ലിയായി മഴയെത്തി.
മഴയ്‌ക്ക് ശേഷം മത്സരം പുനരാരംഭിച്ചതിന് പിന്നാലെയാണ് ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റും നഷ്‌ടമായത്. 19 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിനെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് ആദ്യം പുറത്താക്കിയത്. പിന്നാലെ, ക്രാവ്‌ലിയെ (7) സ്‌കോട്ട് ബോളണ്ടും മടക്കി. ഇരുവരുടെയും വിക്കറ്റ് നഷ്‌ടമായതിന് പിന്നാലെ വീണ്ടും മഴയെത്തുകയും, മഴ മാറാതിരുന്ന സാഹചര്യത്തില്‍ മൂന്നാം ദിനത്തിലെ കളി അവസാനിപ്പിക്കുകയുമായിരുന്നു.
Also Read :'രോഹിത്തിന് വേണമെങ്കില്‍ കളിക്കാം, എന്നാല്‍ ക്യാപ്റ്റന്‍സി...'; വമ്പന്‍ വാക്കുകളുമായി ആകാശ് ചോപ്ര