കേരളം

kerala

ETV Bharat / sports

'ഇനി അവരോടൊപ്പം ഒരു ബിയര്‍ കുടിക്കുന്നത് പോലും സങ്കല്‍പ്പിക്കാനാവില്ല'; റണ്ണൗട്ട് വിവാദത്തില്‍ പ്രതികരിച്ച് ബ്രണ്ടൻ മക്കല്ലം - ആഷസ് 2023

ആഷസ് പരമ്പരയിലെ ലോര്‍ഡ്‌സ് ടെസ്റ്റിലെ ജോണി ബെയര്‍സ്റ്റോയുടെ വിവാദ റണ്ണൗട്ടില്‍ പ്രതികരണവുമായി ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലം. ഓസീസിന്‍റെ സ്ഥാനത്ത് തങ്ങളായിരുന്നുവെങ്കില്‍ തീരുമാനം മറ്റൊന്നാകുമായിരുന്നുവെന്നാണ് മക്കല്ലം പറയുന്നത്.

Brendon McCullum On Jonny Bairstow dismissal  Brendon McCullum  Jonny Bairstow  Jonny Bairstow dismissal controversy  Ashes  Ashes 2023  ബ്രണ്ടൻ മക്കല്ലം  ആഷസ് 2023  ജോണി ബെയര്‍സ്റ്റോ
ബ്രണ്ടൻ മക്കല്ലം

By

Published : Jul 3, 2023, 7:21 PM IST

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി റണ്ണൗട്ടാക്കിയതാണ് നിലവില്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ ഇംഗ്ലണ്ട് ഇന്നിങ്‌സിന്‍റെ 52-ാം ഓവറിലെ അവസാന പന്ത് ലീവ് ചെയ്‌ത ജോണി ബെയര്‍‌സ്റ്റോ, പന്ത് ഡെഡ് ആയെന്ന് കരുതി ക്രീസ് വിട്ടിറങ്ങുകയായിരുന്നു. എന്നാല്‍ പന്ത് ലഭിച്ച അലക്‌സ് ക്യാരി അണ്ടര്‍ ആം ത്രോയിലൂടെ ബെയ്‌ല്‍സ് ഇളക്കി.

ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തതോടെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് അമ്പയര്‍ ബെയര്‍സ്റ്റോയ്‌ക്ക് എതിരെ വിരല്‍ ഉയര്‍ത്തിയത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് കോച്ച് ബ്രണ്ടൻ മക്കല്ലം. ഇനി അടുത്ത കാലത്ത് ഓസീസ് താരങ്ങളോടൊത്ത് തങ്ങള്‍ ഒരു ബിയര്‍ കുടിക്കുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും തനിക്ക് കഴിയില്ലെന്നാണ് ബ്രണ്ടന്‍ മക്കല്ലം പറയുന്നത്.

ആഷസ് നേടുന്നതിനായി ശ്രമിക്കാന്‍ തങ്ങള്‍ക്ക് മൂന്ന് ടെസ്റ്റുകള്‍ കൂടെ ഇനി ബാക്കിയുണ്ട്. അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയുടെ സ്ഥാനത്ത് തങ്ങളായിരുന്നുവെങ്കില്‍ മറ്റൊരു തീരുമാനം എടുത്തേനെയെന്നും ബ്രണ്ടന്‍ മക്കല്ലം വ്യക്തമാക്കി.

ലോര്‍ഡ്‌സ് ടെസ്റ്റിന് ശേഷം ഒരു ബ്രിട്ടീഷ് മാധ്യമത്തോട് സംസാരിക്കവെയാണ് ന്യൂസിലന്‍ഡിന്‍റെ മുന്‍ താരമായ ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ പ്രതികരണം. ബെയര്‍സ്റ്റോയുടെ പുറത്താവലില്‍ നേരത്തെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സും തന്‍റെ അനിഷ്‌ടം പരസ്യമായി പറഞ്ഞിരുന്നു.

ബെയര്‍സ്റ്റോയുടേത് ഔട്ടാണോ അല്ലയോ എന്ന കാര്യത്തില്‍ താന്‍ തര്‍ക്കിക്കാനില്ല. അതു നടക്കുമ്പോള്‍ അമ്പയര്‍മാര്‍ ഓവര്‍ വിളിച്ചിരുന്നുവോ എന്ന് തനിക്ക് ഉറപ്പില്ല. ആദ്യം ക്രീസിലുണ്ടായിരുന്ന ബെയര്‍സ്റ്റോ പിന്നീടാണ് പുറത്ത് പോയത്.

ഓസീസിനെ സംബന്ധിച്ച് അതൊരു മാച്ച് വിന്നിങ്‌ മൊമെന്‍റായിരുന്നു. പക്ഷെ, ഈ രീതിയില്‍ മത്സരം ജയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ബെന്‍ സ്റ്റോക്‌സ് പറഞ്ഞത്. അതേസമയം ബെയര്‍സ്റ്റോയുടെ ഔട്ട് നിയമപരമായതാണെന്നാണ് മത്സര ശേഷം ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പ്രതികരിച്ചത്. പിന്നാലെ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ബെയര്‍സ്റ്റോയുടെ ഔട്ടിനെ ന്യായീകരിച്ചു.

ഇംഗ്ലണ്ട് ബാറ്റര്‍ ബെന്‍ ഡക്കറ്റിനെതിരെ താന്‍ നേടിയ ക്യാച്ച് നോട്ടൗട്ട് നല്‍കിയതിനെ ചേര്‍ത്താണ് സ്റ്റാര്‍ക്കിന്‍റെ പ്രതികരണമുണ്ടായത്. അതു തെറ്റായിരുന്നുവെങ്കില്‍ ഇതു ശരിയാണെന്നാണ് സ്റ്റാര്‍ക്ക് പറഞ്ഞത്. മത്സരത്തിന്‍റെ നാലാം ദിനത്തിലാണ് സ്റ്റാര്‍ക്കിന്‍റെ വിവാദ ക്യാച്ചുണ്ടായത്.

ഇംഗ്ലണ്ട് സ്‌കോര്‍ 113-ല്‍ നില്‍ക്കെ ബെന്‍ ഡക്കറ്റ് പിന്നിലേക്ക് അടിച്ച പന്ത് ബൗണ്ടറി ലൈനിന് അരികില്‍ വായുവില്‍ വച്ച് സ്റ്റാര്‍ക്ക് പിടികൂടിയിരുന്നു. ഇതോടെ ഡക്കറ്റ് പവലിയനിലേക്ക് നടക്കാനും ഓസീസ് താരങ്ങള്‍ ആഘോഷിക്കാനും തുടങ്ങി. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഇടപെട്ട് ബെന്‍ ഡക്കറ്റിനെ തിരിച്ച് വിളിച്ചു.

ശരിയായ രീതിയില്‍ ക്യാച്ച് പൂര്‍ത്തിയാക്കാന്‍ സ്റ്റാര്‍ക്കിന് കഴിഞ്ഞിരുന്നില്ലെന്നാണ് തേര്‍ഡ് അമ്പയര്‍ മറൈസ് ഇറാസ്‌മസ് കണ്ടെത്തിയത്. വായുവില്‍ വച്ച് പിടികൂടിയെങ്കിലും സ്റ്റാര്‍ക്ക് നിലത്തുകൂടി തെന്നി നീങ്ങുന്ന നേരത്ത് കയ്യിലുണ്ടായിരുന്ന പന്ത് നിലത്ത് ഉരഞ്ഞുവെന്ന് കണ്ടതോടെയാണ് തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചത്. തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും സഹതാരങ്ങളും പ്രതിഷേധിച്ചിരുന്നു.

ALSO READ: ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിച്ച ധോണിയെ ഓര്‍മ്മയില്ലേ ? ; ബെയര്‍സ്റ്റോ വിവാദത്തിനിടെ വൈറലായി പഴയ വീഡിയോ

അതേസമയം മത്സരത്തില്‍ 43 റണ്‍സിന്‍റെ വിജയം നേടാന്‍ ഓസീസിന് കഴിഞ്ഞിരുന്നു. രണ്ടാം ഇന്നിങ്‌സിന് ശേഷം ഓസീസ് ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 327ന് പുറത്താവുകയായിരുന്നു. സ്‌കോര്‍: ഓസ്ട്രേലിയ- 416, 279, ഇംഗ്ലണ്ട്- 325,327. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 2-0ത്തിന് മുന്നിലെത്തി.

ABOUT THE AUTHOR

...view details