മെല്‍ബണ്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്‌റ്റിലും ഓസ്‌ട്രേലിയക്കെതിരെ മോശം പ്രകടനം ആവര്‍ത്തിച്ച് ഇംഗ്ലണ്ട്. മെല്‍ബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്‍റെ ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് പട 185 റണ്‍സിന് പുറത്തായി.
ഓസീസ് ബൗളര്‍മാക്ക് മുന്നില്‍ 65.1 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് പിടിച്ച് നില്‍ക്കാനായത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ട് (50) ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോററായി. ജോണി ബെയർസ്റ്റോ (35), ബെന്‍ സ്‌റ്റോക്‌സ് (25) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.
ഹസീബ് ഹമീദ് 0(10), സാക് ക്രൗളി 12(25), ഡേവിഡ് മലാന്‍ 14(66), ജോസ് ബട്‌ലര്‍ 3(11), മാര്‍ക് വുഡ് 6(15), ഒലി റോബിന്‍സണ്‍ 22(26), ജാക്ക് ലീച്ച് 13(18) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നേഥന്‍ ലയണും 36 റണ്‍സ് വീതം വഴങ്ങി മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും സ്‌കോട്ട് ബോലാന്‍ഡ് കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.