എഡ്ജ്ബാസ്റ്റണ്‍:ആഷസ് (Ashes) പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ഉസ്‌മാന്‍ ഖവാജയാണ് (Usman Khawaja) ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. മത്സരത്തിന്‍റെ ഒന്നാം ദിനത്തിന്‍റെ അവസാനം ബാറ്റ് ചെയ്യാനെത്തിയ താരം രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിന്‍റെ തുടക്കത്തിലും ഇംഗ്ലീഷ് ബൗളര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച താരം 321 പന്ത് നേരിട്ട് 141 റണ്‍സ് അടിച്ചായിരുന്നു മടങ്ങിയത്.
14 ഫോറും 3 സിക്‌സും അടങ്ങിയതായിരുന്നു ഓസീസ് ഓപ്പണറുടെ ഇന്നിങ്‌സ്. മത്സരത്തിന്‍റെ മൂന്നാം ദിനമായിരുന്ന ഇന്നലെ (ജൂണ്‍ 18) ഓസീസ് സ്‌കോര്‍ 372ല്‍ നില്‍ക്കെയാണ് ഖവാജ പുറത്താകുന്നത്. മത്സരത്തില്‍ 113-ാം ഓവര്‍ എറിയാനെത്തിയ ഇംഗ്ലണ്ടിന്‍റെ ഒലീ റോബിന്‍സണ്‍ (Ollie Robinson) ഓസീസ് താരത്തെ ബൗള്‍ഡാക്കുകയായിരുന്നു.
സെഞ്ച്വറിയുമായി നിലയുറപ്പിച്ച് കളിച്ച ഖവാജ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്‍റെ (Ben Stokes) മാസ്റ്റര്‍പ്ലാന് മുന്നിലാണ് വീണത്. ഒസീസ് ഇന്നിങ്‌സിന്‍റെ 113-ാം ഓവര്‍. ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ് പന്തെറിയാനായി പേസര്‍ ഒലീ റോബിന്‍സണെ കൊണ്ടുവരുന്നു.
പിന്നാലെ ഖവാജയ്‌ക്ക് റണ്‍സ് കണ്ടെത്താന്‍ കഴിയുന്ന വഴികള്‍ പരിമിതപ്പെടുത്തിക്കൊണ്ട് വ്യത്യസ്‌തമായ 'ബംബ്രല്ല' രീതിയില്‍ ഫീല്‍ഡര്‍മാരെ വിന്യസിച്ചു. അറ്റാക്കിങ് ശൈലിയില്‍ ഒരു ഫീല്‍ഡ് സെറ്റപ്പ്. ഓഫ്‌സൈഡിലും ലെഗ് സൈഡിലുമായി മൂന്ന് ഫീല്‍ഡര്‍മാര്‍.
ഇവര്‍ ആറുപേരും ഇരുവശങ്ങളിലായി നിരന്നതോടെ വമ്പന്‍ അടിക്കാണ് ഓസീസ് ഓപ്പണര്‍ ശ്രമിച്ചത്. എന്നാല്‍ ഖവാജയ്‌ക്ക് അവിടെ കാര്യങ്ങള്‍ പാളി. ക്രീസ് വിട്ടിറങ്ങി ഒരു ഷോട്ട് പായിക്കാന്‍ ശ്രമിച്ചെങ്കിലും റോബിന്‍സണിന്‍റെ കിടിലന്‍ ഒരു യോര്‍ക്കര്‍ ഖവാജയുടെ ഓഫ് സ്റ്റമ്പിളക്കി.
പിന്നാലെ ഇംഗ്ലീഷ് താരങ്ങളുടെ ആഘോഷം. 321 പന്തുകള്‍ ക്രീസില്‍ നേരിട്ട ഖവാജ തിരികെ പവലിയനിലേക്കും നടന്നു. അതേസമയം, ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്തരത്തില്‍ ഒരു ഫീല്‍ഡ് സെറ്റിങ് ഉപയോഗിച്ച ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ പ്രശംസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ബാസ്ബോളിന് പിന്നാലെ 'ബംബ്രല്ല'യും :ബാസ്ബോള്‍ (Bazball), ബാസ്ബൈറ്റ് (Bazbait), നൈറ്റ്ഹോക്ക് (Nighthawk) എന്നിവയ്‌ക്ക് ശേഷം ക്രിക്കറ്റ് ആരാധകരില്‍ പലരും ആദ്യമായി കേള്‍ക്കുന്ന ഒരു വാക്ക് ആയിരിക്കാം 'ബ്രംബ്രല്ല' (Brumbrella). 1981-2001 വരെയുള്ള കാലയളവില്‍ ബിര്‍മിങ്‌ഹാമിലെ എഡ്‌ജ്‌ബാസ്റ്റണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മഴയത്ത് മൈതാനം മൂടാന്‍ ഉപയോഗിച്ചിരുന്ന വലിയ കവറാണ് ബ്രംബ്രല്ല എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്.
നേരത്തെ, ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്‌മിത്തിനെ (Steve Smith) പുറത്താക്കാനും വ്യത്യസ്തമായ തന്ത്രം ബെന്‍ സ്റ്റോക്‌സ് ഫീല്‍ഡില്‍ പരീക്ഷിച്ചിരുന്നു. സ്‌മിത്തിനെ പുറത്താക്കാന്‍ അറ്റാക്കിങ് ശൈലിയില്‍ ലെഗ് സ്ലിപ്പില്‍ രണ്ട് ഫീല്‍ഡര്‍മാരെയുള്‍പ്പടെ നാലുപേരെയാണ് സ്ലിപ്പ് പൊസിഷനില്‍ ഇംഗ്ലീഷ് നായകന്‍ വിന്യസിച്ചത്. ഡേവിഡ് വാര്‍ണര്‍ (David Warner), മാര്‍നസ് ലബുഷെയ്ന്‍ (Marnus Labuschagne) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ സ്റ്റുവര്‍ട്ട് ബ്രോഡിന് (Stuart Broad) ഹാട്രിക്ക് സ്വന്തമാക്കാനുള്ള അവസരമായിരുന്നു അത്.
എന്നാല്‍, ഈ സമയം ശ്രദ്ധയോടെ കളിച്ച സ്‌മിത്ത് ഇംഗ്ലണ്ട് നായകന്‍റെ വലയില്‍ കുരുങ്ങാതെ രക്ഷപ്പെട്ടു. പിന്നീട് ഉസ്‌മാന്‍ ഖവാജയുമായി മൂന്നാം വിക്കറ്റില്‍ 38 റണ്‍സും കൂട്ടിച്ചേര്‍ത്തു. പതിയെ റണ്‍സ് കണ്ടെത്തിയ സ്‌മിത്തിനെ മത്സരത്തിന്‍റെ 27-ാം ഓവര്‍ എറിയാനെത്തിയ സ്റ്റോക്‌സ് തന്നെ പിന്നീട് വിക്കറ്റിന് മുന്നില്‍ കുടുക്കി.
Also Read :Ashes 2023 | മഴയില്‍ കുതിര്‍ന്ന മൂന്നാം ദിവസം; ലീഡ് പിടിക്കാന്‍ ഇംഗ്ലണ്ടും എറിഞ്ഞിടാന്‍ ഒസീസും, എഡ്‌ജ്‌ബാസ്റ്റണില്‍ ഇന്ന് നാലാം ദിനം