സിഡ്‌നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ വൻ തകർച്ചയിൽ നിന്ന് കരകയറി ഇംഗ്ലണ്ട്. മൂന്നാം ദിനം അവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 258 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന ജോണി ബെയർസ്റ്റോയാണ്(103) ഇംഗ്ലണ്ടിന് രക്ഷകനായത്. ഇപ്പോഴും ഓസീസിനെക്കാൾ 158 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ട്.
നിലവിൽ ബെയർസ്റ്റോയും നാല് റണ്‍സുമായി ജാക്ക് ലീച്ചുമാണ് ക്രീസിൽ. ഓസിസിന്‍റെ 416 എന്ന കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് 36 റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്‌ടമായിരുന്നു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ബെൻ സ്റ്റോക്‌സ്- ജോണി ബെയർസ്റ്റോ സഖ്യം 128 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തുകയായിരുന്നു.
മൂന്നാം ദിനം 13 റണ്‍സുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഹസീബ് ഹമീദിന്‍റെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. പിന്നാലെ സാക്ക് ക്രൗളി(18), ജോ റൂട്ട്(0), ഡേവിഡ് മലാൻ(3) എന്നിവരും പുറത്തായി. മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷം ടീം സ്കോർ 164ൽ നിൽക്കെ ബെൻ സ്റ്റോക്‌സിനെ(66) നഷ്‌ടമായി.
ALSO READ:Ashes: ഖവാജയുടെ സെഞ്ചുറി ആഘോഷിച്ച് റേച്ചല്‍; കുടുംബം മനോഹരമെന്ന് ആരാധകര്‍
പിന്നാലെ ജോസ് ബട്ട്ലറും(0) അക്കൗണ്ട് തുറക്കും മുന്നേ തന്നെ പുറത്തായി. ഏഴാം വിക്കറ്റിൽ ഒന്നിച്ച ബെയർസ്റ്റോ- മാർക്ക് വുഡ് സഖ്യമാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. 41 പന്തില്‍ നിന്ന് 3 സിക്‌സും 2 ഫോറുമടക്കം 39 റണ്‍സെടുത്ത മാര്‍ക്ക് വുഡിനെ പാറ്റ് കമ്മിന്‍സ് ഉഗ്രനൊരു ബൗണ്‍സറില്‍ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറി മികവിലാണ് എട്ടിന് 416 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്.