സിഡ്‌നി: രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഓസീസിന്‍റെ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ച വരവ് രണ്ട് സെഞ്ചുറികള്‍ നേടിയാണ് ഉസ്മാന്‍ ഖവാജ ആഘോഷിച്ചത്. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിനുള്ള ഓസീസ് ടീമില്‍ കൊവിഡ് ബാധിതനായ ട്രാവിസ് ഹെഡിന് പകരമായാണ് ഖവാജക്ക് ഇടം ലഭിച്ചത്.
ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സില്‍ 137 റണ്‍സുമായി മിന്നിയ 35കാരനായ താരം, രണ്ടാം ഇന്നിങ്സില്‍ 101 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ഓസീസ് ടോട്ടലില്‍ നിര്‍ണായകമാവുകയും ചെയ്‌തു. നേരത്തെ 2019ലെ ആഷസിലായിരുന്നു ഖവാജ ഇതിന് മുമ്പോ ഓസീസിനായി കളിച്ചത്.
സംഭവം എങ്ങനെയൊക്കെയാണെങ്കിലും ഹൊബാര്‍ട്ടില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തില്‍ തനിക്ക് ഇടം ലഭിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് താരം പറയുന്നത്. ആദ്യ മുന്ന് ടെസ്റ്റുകളിലും മികച്ച പ്രകടനം നടത്തിയ ഹെഡ്‌സിന്‍റെ മടങ്ങിവരവാണ് ഖവാജയുടെ സ്ഥാനത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്.