ആഷസ് പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ വിജയം നേടിയിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സിന് ശേഷം ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 327 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ തോല്‍വിയില്‍ ഏറെ നിര്‍ണായകമായത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയർസ്റ്റോയുടെ പുറത്താവല്‍ കൂടിയാണ്.
ഇന്നിങ്സിന്‍റെ തുടക്കത്തില്‍ ഏറ്റ പ്രഹരത്തില്‍ നിന്നും കരകയറുകയായിരുന്ന ഇംഗ്ലണ്ടിന് ഒരു മികച്ച കൂട്ടുകെട്ട് അനിവാര്യമായ സമയത്താണ് ബെയര്‍സ്റ്റോ വിക്കറ്റ് നഷ്‌ടപ്പെടുത്തുന്നത്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്‍റെ 52-ാം ഓവറിന്‍റെ അവസാന പന്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയാണ് ബെയര്‍സ്റ്റോയെ റണ്ണൗട്ടാക്കിയത്.
കാമറൂണ്‍ ഗ്രീനെറിഞ്ഞ ഷോട്ട് ബോള്‍ ദേഹത്ത് തട്ടാതിരിക്കാന്‍ അതു ലീവ് ചെയ്‌തതിന് ശേഷം ബെയര്‍സ്റ്റോ ക്രീസ് വിട്ടിറങ്ങുകയായിരുന്നു. ഇതോടെ പന്ത് ലഭിച്ച ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി ഇംഗ്ലീഷ് താരത്തെ റണ്ണൗട്ടാക്കുകയും ചെയ്‌തു. ഓസീസ് കളിക്കാര്‍ അപ്പീല്‍ ചെയ്‌തതോടെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അമ്പയര്‍ ഔട്ട് വിധിച്ചത്.
ഓസീസിന്‍റെ പ്രവര്‍ത്തി ക്രിക്കറ്റിന്‍റെ മാന്യതയ്ക്ക് നിരക്കാത്തതാണെന്നും എന്നാല്‍ അതില്‍ തെറ്റൊന്നുമില്ലെന്നും വാദിച്ച് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ട് പക്ഷത്ത് നില്‍ക്കുന്നതോടെ സംഭവം ഏറെ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. ഇതിനിടെ ജോണി ബെയർസ്റ്റോയെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് വിക്‌ടോറിയ പൊലീസ്.