ഹെഡിങ്‌ലി : ആഷസ് പരമ്പരയിലെ ആവേശകരമായ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയയെ തകർത്ത് ആദ്യ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഹെഡിങ്‌ലിയിൽ നടന്ന മത്സരത്തിൽ തുടർച്ചയായ മൂന്നാം വിജയത്തോടെ ആഷസ് പരമ്പര സ്വന്തമാക്കാമെന്ന ഓസീസ് സ്വപ്‌നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്‌ത്തിയതാണ് ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കിയത്. സ്‌കോർ : ഓസ്‌ട്രേലിയ- 263 & 224, ഇംഗ്ലണ്ട്- 237 & 254-7.
രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയുടെ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഹാരി ബ്രൂക്കിന്‍റെ തകർപ്പൻ അർധ സെഞ്ച്വറിയും ക്രിസ് വോക്‌സ്, മാർക്ക് വുഡ് എന്നിവരുടെ അതിവേഗ ഫിനിഷിങ്ങുമാണ് ഇംഗ്ലണ്ടിനെ വിജയത്തോടെ പരമ്പരയിലേക്ക് തിരികെ കൊണ്ടുവന്നത്. വിജയത്തോടെ 1-2 എന്ന സ്‌കോറിന് ഇംഗ്ലണ്ട് പരമ്പരയിൽ പ്രതീക്ഷ നിലനിർത്തി.
പ്രഹരം തീർത്ത് സ്റ്റാർക്ക് : വിക്കറ്റ് നഷ്‌ടമില്ലാതെ 27 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. 18 റണ്‍സുമായി ബെൻ ഡക്കെറ്റും ഒൻപത് റണ്‍സുമായി സാക് ക്രോളിയുമായിരുന്നു ക്രീസിൽ. ടീം സ്‌കോർ 42ൽ നിൽക്കെ ഇംഗ്ലണ്ടിന് മിച്ചൽ സ്റ്റാർക്ക് ആദ്യ പ്രഹരം നൽകി. ബെൻ ഡക്കെറ്റിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് സ്റ്റാർക്ക് മടക്കിയയച്ചത്. തൊട്ടുപിന്നാലെ 15 പന്തിൽ 5 റണ്‍സ് നേടിയ മൊയിൻ അലിയേയും പുറത്താക്കി സ്റ്റാർക്ക് ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം നൽകി.
പിന്നാലെ മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന സാക് ക്രോളിയെ മിച്ചൽ മാർഷ് പുറത്താക്കി. 55 പന്തിൽ 44 റണ്‍സായിരുന്നു പുറത്താകുമ്പോൾ താരത്തിന്‍റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ ഹാരി ബ്രൂക്കും ജോ റൂട്ടും ചേർന്ന് ഇംഗ്ലണ്ടിനെ മെല്ലെ മുന്നോട്ട് നയിച്ചു. ഇതിനിടെ ടീം സ്‌കോർ 131ൽ നിൽക്കെ ജോ റൂട്ടും പുറത്തായി. 33 പന്തിൽ 21 റണ്‍സ് നേടിയ താരത്തെ പാറ്റ് കമ്മിൻസ് അലക്‌സ് ക്യാരിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
ഇതോടെ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്‌ടത്തിൽ 131 റണ്‍സ് എന്ന നിലയിലേക്കെത്തി. നാല് വിക്കറ്റുകൾ നഷ്‌ടപ്പെട്ടെങ്കിലും ബെൻ സ്റ്റോക്‌സ് ഉള്ളതിനാൽ ഇംഗ്ലണ്ട് ആരാധകരും ഉറച്ച വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ 13 റണ്‍സ് നേടിയ സ്റ്റോക്‌സിനെ മിച്ചൽ സ്റ്റാർക്ക് അലക്‌സ് ക്യാരിയുടെ കൈകളിൽ എത്തിച്ചതോടെ മൈതാനം നിശബ്‌ദമായി. ഇതോടെ ഓസ്‌ട്രേലിയക്കും വിജയ പ്രതീക്ഷയേറി. ഇതിനിടെ ജോണി ബെയർസ്റ്റോയെക്കൂടി (5) പുറത്താക്കി സ്റ്റാർക്ക് ഓസീസിന്‍റെ പ്രതീക്ഷ വർധിപ്പിച്ചു.
എന്നാൽ തുടർന്ന് ക്രിസീലെത്തിയ ക്രിസ് വോക്‌സിനെ കൂട്ടുപിടിച്ച് ഹാരി ബ്രൂക്ക് തകർപ്പനടി തുടർന്നു. ഇരുവരും ചേർന്ന് 59 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ടീം സ്‌കോർ 230ൽ നിൽക്കെയാണ് ബ്രൂക്കിനെ ഇംഗ്ലണ്ടിന് നഷ്‌ടമാകുന്നത്. 93 പന്തിൽ ഒൻപത് ഫോറുകളോടെ 75 റണ്‍സ് നേടിയ താരവും സ്റ്റാർക്കിന്‍റെ ഇരയാവുകയായിരുന്നു. ഇതോടെ ക്രിസ് വോക്‌സും മാർക്ക് വുഡും ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തു.
ഒടുവിൽ 50-ാം ഓവറിന്‍റെ അവസാന പന്തിൽ മിച്ചൽ സ്റ്റാർക്കിന്‍റെ ഓവറിൽ തകർപ്പനൊരു ബൗണ്ടറിയോടെ ക്രിസ് വോക്‌സ് ഇംഗ്ലണ്ടിനെ വിജയ തീരത്തിലേക്ക് എത്തിക്കുകയായിരുന്നു. ക്രിസ് വോക്‌സ് 47 പന്തിൽ 32 റണ്‍സുമായും മാർക്ക് വുഡ് 8 പന്തിൽ 14 റണ്‍സുമായും പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ ഓരോ വിക്കറ്റും നേടി.