ഓവല്‍:ലോക ക്രിക്കറ്റില്‍ എതിരാളികളുടെ വിക്കറ്റ് സ്വന്തമാക്കാന്‍ ഏതറ്റം വരെയും പോകുന്ന ടീമാണ് ഓസ്‌ട്രേലിയ (Australia). മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന എതിര്‍ ടീം ബാറ്ററെ പ്രകോപിപ്പിച്ചും പുതിയതായി ക്രീസിലേക്ക് എത്തുന്ന താരങ്ങളെ സ്ലെഡ്‌ജ് ചെയ്‌ത് അവരുടെ വിക്കറ്റ് നേടാനും മൈറ്റി ഓസീസ് എല്ലാക്കാലവും മുന്നില്‍ തന്നെയുണ്ടാകും. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും ഇത് പോലുള്ള തന്ത്രങ്ങള്‍ പയറ്റി അവര്‍ നിരവധി മത്സരങ്ങള്‍ തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍, നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആഷസ് (Ashes) പരമ്പരയില്‍ ബുദ്ധി പൂര്‍വം കളിക്കുന്ന ഓസ്‌ട്രേലിയയെ ഒരു മൈന്‍ഡ് ഗെയിം കൊണ്ട് വീഴ്‌ത്തിയിരിക്കുകയാണ് ആതിഥേയരായ ഇംഗ്ലണ്ട് (England). ഓസീസിന്‍റെ പക്കല്‍ നിന്നും പരമ്പരയിലെ അവസാന മത്സരത്തിന്‍റെ നിയന്ത്രണം ഇംഗ്ലണ്ടിന് സമ്മാനിച്ചതാകട്ടെ വെറ്ററന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ (Stuart Broad) ഒരു തകര്‍പ്പന്‍ പെരുമാറ്റവുമായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ട് മത്സരത്തിന്‍റെ ആദ്യ ദിവസം തന്നെ 283 റണ്‍സ് നേടി ഓള്‍ഔട്ട് ആയിരുന്നു.
പിന്നാലെ, ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ആ ദിനത്തില്‍ 61-1 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. രണ്ടാം ദിനത്തില്‍, കരുതലോടെയാണ് ഓസീസ് ബാറ്റര്‍മാര്‍ ഇംഗ്ലണ്ട് ബൗളിങ് ആക്രമണത്തെ നേരിട്ടത്. ക്രീസിലുണ്ടായിരുന്ന മര്‍നസ് ലബുഷെയ്‌നും (Marnus Labuschagne) ഉസ്‌മാന്‍ ഖവാജയും ശ്രദ്ധയോടെ കളിച്ചതോടെ ഒരു ബ്രേക്ക്ത്രൂ സ്വന്തമാക്കാന്‍ പഠിച്ച പണിയെല്ലാം ഇംഗ്ലീഷ് താരങ്ങള്‍ നടത്തി.
പന്തെറിഞ്ഞിട്ട് വിക്കറ്റ് നേടാനാകാതെ വന്നതോടെയാണ് ഇംഗ്ലണ്ട് വെറ്ററന്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡ് മൈതാനത്തൊരു 'മൈന്‍ഡ് ഗെയിം' നടത്താന്‍ തീരുമാനിച്ചു. പിന്നാലെ, ബ്രോഡിന്‍റെ മൈന്‍ഡ് ഗെയിമില്‍ ക്രീസില്‍ നങ്കൂരമിട്ട് നിലയുറുപ്പിച്ച മര്‍നസ് ലബുഷെയ്ന്‍ (82 പന്തില്‍ 9) വീഴുകയും ചെയ്‌തു. ഈ നിമിഷമായിരുന്നു ഇംഗ്ലണ്ടിനെ മത്സരത്തിന്‍റെ ഡ്രൈവിങ് സീറ്റിലെത്തിച്ചത്.