ലണ്ടന്‍:ടെസ്റ്റ് ക്രിക്കറ്റിൽ 9,000 റൺസ് തികച്ച് ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റർ സ്റ്റീവ് സ്‌മിത്ത് (Steve Smith). ലോർഡ്‌സിൽ പുരോഗമിക്കുന്ന ആഷസ് (Ashes) പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് സ്‌മിത്തിന്‍റെ നേട്ടം. ടെസ്റ്റിൽ 9,000 റൺസ് ക്ലബിൽ ഇടം പിടിക്കുന്ന നാലാമത്തെ മാത്രം ഓസീസ് താരമാണ് സ്‌മിത്ത്.
ഇന്നിങ്സ് അടിസ്ഥാനത്തിൽ അതിവേഗം 9,000 റൺസ് നേടുന്ന രണ്ടാമത്തെ താരമായും സ്റ്റീവ് സ്‌മിത്ത് മാറി. ടെസ്റ്റ് കരിയറിലെ 174-ാം ഇന്നിങ്സിൽ ആണ് സ്‌മിത്ത് ഒൻപതിനായിരം റൺസ് ക്ലബിൽ എത്തിയത്. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയാണ് ഈ പട്ടികയിലെ ഒന്നാമൻ.
172 ഇന്നിങ്സുകൾ കളിച്ചായിരുന്നു സംഗക്കാര 9,000 റൺസ് പൂർത്തിയാക്കിയത്. നിലവിലെ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് (176), വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ (177), ഓസീസ് ഇതിഹാസ നായകൻ റിക്കി പോണ്ടിങ് (177) എന്നിവരെ മറികടക്കാനും സ്‌മിത്തിനായി. അറുപതിനടുത്ത് ശരാശരിയില്‍ റണ്‍സ് കണ്ടെത്തിയാണ് സ്‌മിത്ത് എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.
സജീവ ക്രിക്കറ്റില്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സ്റ്റീവ് സ്‌മിത്ത്. ഇംഗ്ലണ്ട് മുന്‍ നായകന്‍ ജോ റൂട്ടാണ് (Joe Root) നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്‍പതിനായിരം റണ്‍സ് ക്ലബില്‍ ഇടം കണ്ടെത്തിയ മറ്റൊരു താരം. കരിയറിലെ 196-ാം മത്സരത്തിലായിരുന്നു റൂട്ട് ഇത്രയും റണ്‍സ് പൂര്‍ത്തിയാക്കിയത്.
ടെസ്റ്റ് കരിയറിലെ 99-ാം മത്സരമാണ് സ്‌മിത്ത് നിലവില്‍ ലോര്‍ഡ്‌സില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ 31 സെഞ്ച്വറികളും 4 ഡബിള്‍ സെഞ്ച്വറികളും നേടാന്‍ സ്‌മിത്തിനായി. 59.96 ആണ് സ്‌മിത്തിന്‍റെ ബാറ്റിങ് ശരാശരി.