ലണ്ടന്‍:ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ വിചിത്രമായ പുറത്താകലില്‍ സമ്മിശ്ര പ്രതികരണമാണ് ക്രിക്കറ്റ് ലോകത്തുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ പ്രവര്‍ത്തി ക്രിക്കറ്റിന്‍റെ സ്‌പിരിറ്റിനെ മോശമായി ബാധിക്കുന്ന രീതിയിലാണ് എന്നാണ് ഒരു ഭാഗത്തിന്‍റെ വാദം. മറുവശത്ത് ക്രിക്കറ്റ് നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ഓസീസ് വിക്കറ്റ് കീപ്പറെ പിന്തുണയ്‌ക്കുന്നവരുമുണ്ട്.
ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ക്രിക്കറ്റിന്‍റെ മര്യാദയെ കുറിച്ച് സംസാരിക്കുന്നതിന് പകരം അലക്‌സ് കാരിയുടെ മിടുക്കിനെ ഈ സമയത്ത് അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടു. അരിന്ദം പോള്‍ എന്നയാള്‍ മെന്‍ഷന്‍ ചെയ്‌ത ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു അശ്വിന്‍.
ബെയര്‍സ്റ്റോയുടെ വിക്കറ്റ് ഇങ്ങനെ:ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ അവസാന ദിനത്തിലാണ് ജോണി ബെയര്‍സ്റ്റോ പുറത്തായത്. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ബെയര്‍സ്റ്റോയെ സ്റ്റമ്പ് ചെയ്‌താണ് പുറത്താക്കിയത്.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്‍റെ 52-ാം ഓവറിലാണ് ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയം നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ആയിരുന്നു ഓവര്‍ പന്തെറിഞ്ഞത്. ഓവറിലെ അവസാന പന്ത് ഒരു ഷോര്‍ട്ട് ബോളാക്കിയാണ് ഗ്രീന്‍ ഇംഗ്ലീഷ് ബാറ്റര്‍ക്ക് നേരെയെറിഞ്ഞത്.
ബെയര്‍സ്റ്റോ ഈ പന്ത് ലീവ് ചെയ്യുകയായിരുന്നു. പിന്നാലെ, താരം ക്രീസ് വിട്ടും പുറത്തേക്കിറങ്ങി. ഈ സമയത്താണ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി പന്ത് സ്റ്റമ്പിന് നേരെയെറിഞ്ഞത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അപ്പീല്‍ നല്‍കുകയും ബെയര്‍സ്റ്റോ വിക്കറ്റ് ആണെന്ന് അറിയിക്കുകയുമായിരുന്നു.